ചാത്തന്നൂര്‍: കൊട്ടിയം, ചാത്തന്നൂര്‍, പരവൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചു വന്‍കുഴല്‍പ്പണ ശൃംഖല ചുവടുറപ്പിക്കുന്നു. പാരിപ്പള്ളി, കണ്ണനല്ലൂര്‍, കൊട്ടിയം, ഉമയനല്ലൂര്‍, പരവൂര്‍ തെക്കുംഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നും കുഴല്‍പ്പണവുമായി എത്തുന്നവര്‍ക്ക് താമസത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന ഏജന്റുമാര്‍ ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. ഈ മേഖലകളിലെ മൊബൈല്‍ ഷോപ്പുകള്‍, ന്യൂ ജനറേഷന് ഗാര്‍മെന്റ്സുകള്‍, കോഴിക്കോടന്‍ ബേക്കറികള്‍ എന്നിവിടങ്ങളിലാണ് കുഴല്‍പ്പണക്കാരുടെ ഏജന്റുമാര്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടങ്ങളില്‍ വന്ന് വന്‍തുക ഡിപ്പോസിറ്റ് ചെയ്ത് കടകള്‍ എടുക്കുകയാണ്. ഓരോ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും അതത് സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.
അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളില്‍ ആരൊക്കെ വന്നുപോകുന്നു എന്നറിയാന്‍ കഴിയുന്നില്ല. ഇത്തരം കടകളില്‍ യാതൊരുവിധ കച്ചവടവും നടക്കുന്നില്ലെന്ന് മാത്രമല്ല ഉയര്‍ന്ന വാടകയാണ് കൊടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് കടകള്‍ എടുത്തു കൊടുക്കാനും ഇവരെ സഹായിക്കാനും ബ്രോക്കര്‍മാരുടെ മത്സരമാണ്. ട്രെയിന്മാര്ഗവും ചരക്കുലോറികള്‍ വഴിയും അന്യസംസ്ഥാനത്ത് നിന്നും വരുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയുമാണ് കുഴല്‍പ്പണവുമായി ഇത്തരക്കാര്‍ വരുന്നത്.
കുഴല്‍പ്പണവുമായി എത്തുന്നവര്‍ രാത്രികാലങ്ങളിലാണ് എത്താറുള്ളത്. ഇവര്‍ പണം ഏജന്റുമാര്‍ക്ക് നല്കി സ്ഥലം വിടുകയാണ് പതിവ്. ഏജന്റുമാര്‍ സ്ത്രീകളടക്കമുള്ളവരെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്.
യാത്ര ചെയ്യുന്നതിന് എളുപ്പമായതിനാല്‍ കുഴല്‍പ്പണക്കാര്‍ കൊല്ലം, പരവൂര്‍ തീരദേശ റോഡാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്. അര്‍ധരാത്രി പോലും എത്തുന്ന ഇക്കൂട്ടര്‍ മിക്കപ്പോഴും സമീപങ്ങളിലുള്ള തൈക്കാവ് പള്ളികളിലും മറ്റും കയറി പൊതുജനശ്രദ്ധ തിരിച്ചുവിടുകയാണ്. കൊല്ലം തിരുവനന്തപുരം ദേശീയപാതയിലും അതിനോട് അടുത്തുനില്ക്കുന്ന പള്ളികള്‍ കേന്ദ്രമാക്കിയും ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി നിസ്കരിക്കാനും വിശ്രമിക്കാനും എന്ന വ്യാജേനയാണ് വാഹനങ്ങളില്‍ എത്തുന്നവര്‍ പൈസ കൈമാറുന്നത്.
വ്യാപാരമില്ലാതെ രാത്രികാലങ്ങളില്‍ തുറന്നിരിക്കുന്ന മൊബൈല്‍ സ്ഥാപനങ്ങളെയും നാട്ടുകാര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ബാങ്കുകളില്‍ ഗള്‍ഫില്‍ നിന്നും സ്ഥിരമായി പണം അയച്ചുകൊണ്ടിരുന്ന ആള്ക്കാര് പലരും ഇപ്പോള്‍ കുഴല്‍പ്പണക്കാരെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ടെന്നും ബാങ്ക് മാനേജര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ ശക്തമായ നടപടികള്‍
സീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഴല്പണത്തിന്റെ മറവില്‍ കള്ളനോട്ടും പ്രചരിക്കുന്നുണ്ട്. കുഴല്‍പ്പണം കിട്ടുന്നവര്‍ എണ്ണിനോക്കും മുമ്പെ കൊടുക്കുന്നവര്‍ സ്ഥലംവിടും. ഇത്തരം പണവുമായി ബാങ്കില്‍ ചെല്ലുമ്പോഴാണ് കള്ളനോട്ടുകള്‍ ഉണ്ടെന്നറിയുന്നത്. കേസും മറ്റും ഭയന്ന് ആള്ക്കാര് വെളിയില്‍ പറയില്ല. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ കുഴല്പണത്തിന്റെ മറവില്‍ കള്ളനോട്ടും മേഖലകളില്‍ വ്യപകമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: