കൊട്ടാരക്കര: കോടികളുടെ ക്രമക്കേടു നടന്ന് നിക്ഷേപകര്‍ വഴിയാധാരമായ താമരക്കുടി സഹകരണബാങ്കിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന സഹകരണ സഘം രജിസ്ട്രാറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ നടപടികള്‍ ആരംഭിച്ചു.
പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നതായി ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ ആണ് അപ്രത്യക്ഷമായിരിക്കുന്നത്. അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശ്ശികയുള്ളതായും 2012-2013 വര്‍ഷത്തെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേര് നല്കിയ പരാതികളില്‍ മാത്രം 80ലക്ഷം രൂപ നല്കാന് സഹകരണ ഓംബുഡ്സ്മാന് വിധിച്ചെങ്കിലും ആരോപണ വിധേയരായ സി പിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ള ഭരണസമിതിക്കാര് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചു.
നിക്ഷേപകര്‍ക്ക് കോടതി ഉത്തരവുണ്ടായിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. മക്കളുടെ കല്യാണവും നിശ്ചയിച്ചുറപ്പിച്ച ഓപ്പറേഷനും പണം കിട്ടാത്തതുമൂലം മുടങ്ങിയ ഹതഭാഗ്യരുടെ എണ്ണം ഏറെയാണ്.
ഇടതുനേതാക്കളുടെ വാക്ക് വിശ്വസിച്ച് പെന്ഷന് പണവും വസ്തു വിറ്റ തുകയും നിക്ഷേപിച്ചവരാണ് ഇതില്‍ ഏറെയും. തങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം സ്വരുക്കൂട്ടി നിക്ഷേപിച്ച യോഗക്ഷേമസഭയും ഇതില്‍ പെടും. കോടികളുടെ തട്ടിപ്പിനെതിരെ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൃദുസമീപനവും ആക്ഷേപത്തിനിടയാക്കിയിരുന്നു. ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപവും നല്ല രീതിയില്‍ നടന്നുവന്നിരുന്നതുമായ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് ഇടതുനേതാക്കളും സെക്രട്ടറിയും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിയ തട്ടിപ്പുകളാണ്.
പുറംലോകം അറിയാന്‍ വൈകി എന്ന് മാത്രം. നിക്ഷേപകരില്‍ ഭൂരിഭാഗവും പണം മടക്കിക്കിട്ടാന്‍ കോടതികള്‍ തോറും കയറി ഇറങ്ങുകയാണ് ഇപ്പോള്‍. കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നുപേരുടെ പരാതിയില്‍ മാത്രം അമ്പത് ലക്ഷം രൂപ നല്കാന് ഓംബുഡ്സമാന് വിധിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പണം നല്കാന് ബാങ്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കരയില്‍ നടന്ന ദേശീയ അദാലത്തില്‍ അറുപത് പേരാണ് പരാതിയുമായി എത്തിയത്. സെക്രട്ടറി ഒഴികെ ഭരണസമിതിക്കാര് ആരും ബാങ്കിന്റ ഭാഗത്ത് നിന്ന് എത്താത്തതുകൊണ്ട് ഇതിനായി പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ക്രമക്കേടുകള്‍ക്ക് കഴിഞ്ഞ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണെന്നു കണ്ടെത്തിയെങ്കിലും സെക്രട്ടറിയെ മാത്രം ആണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. രാഷ്ട്രിയ സ്വാധീനത്തില്‍ മുങ്ങിനടന്ന മറ്റുള്ളവര്‍ തങ്ങളുടെ ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പടെ എടുത്ത വായ്പകള്‍ തിരിച്ചടച്ച് കോടതിയെ സമീപിച്ച് അറസ്റ്റില്‍ നിന്ന് ഒഴിവായി. പണം കാണാതായത് സംബന്ധിച്ച് ഇവര്‍ക്കെതിരെ വേണ്ട രീതിയില്‍ കേസെടുത്തില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: