ഓയൂര്‍: മാലയില്‍ മലപ്പത്തൂരില്‍ എംസാന്റ് യൂണിറ്റ് നടത്താമെന്ന് മോഹിക്കുന്നവര്‍ക്കും അവരുടെ ഒത്താശക്കാരായ ഉദ്യോഗസ്ഥര്‍ക്കും ആറന്മുള വിമാനത്താവള കമ്പനിക്കാരുടെ ഗതി വരുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന്. മലപ്പത്തൂരില്‍ സമരപ്പന്തല്‍കെട്ടി ആരംഭിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലയില്‍ മലപ്പത്തൂരില്‍ അനധികൃത എംസാന്റ് ക്രഷര്‍ യൂണിറ്റിന്റെ നിര്‍മ്മാണാനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മലപ്പത്തൂരില്‍ സമരപ്പന്തല്‍ കെട്ടിയത്. ഹിന്ദുഐക്യവേദിയും മലപ്പത്തൂര്‍ പരിസ്ഥിതി സംരക്ഷണസമിതിയും ചേര്‍ന്നാണ് സമരപ്പന്തല്‍ ഉയര്‍ത്തിയത്.
144 ഏക്കര്‍ മിച്ചഭൂമി അളന്ന് തിരിച്ചിടുകയും മിച്ചഭൂമിയില്‍ അനധികൃതമായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ക്രഷര്‍ എംസാന്റ് യൂണിറ്റിന്റെ നിര്‍മ്മാണാനുമതി റദ്ദുചെയ്യുകയും വേണമെന്ന് തെക്കടം സുദര്ശനന് ആവശ്യപ്പെട്ടു. വില്ലേജ് ഒ#ാഫീസര്‍ മുതല്‍ കളക്ടര്‍ വരെയുള്ളവരെ പരാതി അറിയിച്ചിട്ടും ഒരു നടപടിയും എടുക്കാത്തതില്‍ ശക്തമായ പ്രതിഷേധവുമുണ്ട്.
ഭൂമി അളന്ന് തിരിക്കാതെ നിര്‍മ്മാണപ്രവര്‍ത്തനം അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഒന്നടങ്കം പരാതിപ്പെട്ടിട്ടും സമരം ശക്തമായിട്ടും ആര്‍ഡിഒ സ്ഥലം സന്ദര്‍ശിക്കാത്ത നടപടി അപലപനീയമാണ്.
144 ഏക്കറിന്റെ രേഖ വില്ലേജ് ഓഫീസില്‍ കളവ് പോയെന്നാണ് പറയുന്നത്. താലൂക്ക് ഓഫീസില്‍ തീ വീണ് നശിച്ചത് മലപ്പത്തൂരിന്റെ രേഖകളാണെന്നും അവര്‍ വാദിക്കുന്നു. ഇത്തരം വാദങ്ങള്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്. മയിലുകളുടെ ആവാസകേന്ദ്രമായ മലപ്പത്തൂരില്‍ ഇന്ന് മയിലുകളുടെ എണ്ണം വളരെ കുറവാണെന്നും തെക്കടം ചൂണ്ടിക്കാട്ടി. മഹേഷ് അധ്യക്ഷത വഹിച്ചു.
അഡ്വ.വിവേക് ഉജ്ജ്വല്ഭാരതി സ്വാഗതം പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാസംഘടനാസെക്രട്ടറി പുത്തൂര്‍ തുളസി, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, താലൂക്ക് സെക്രട്ടറി രാജീവ് ചിതറ, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്.ബിച്ചു, മോഹനന്, പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ അഡ്വ.വി.കെ.സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് സനല്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: