തിരുവനന്തപുരം: മികച്ച മന്ത്രിയെന്ന് രണ്ടുകോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പുകഴ്ത്തിയ കെ.ബി. ഗണേഷ്കുമാറിനെ കോണ്‍ഗ്രസ് വെറുത്തു. അഴിമതി ചൂണ്ടിക്കാട്ടിയതിനുള്ള പ്രതിഫലമാണിത്.
നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ വകുപ്പിലെ കൊയ്ത്താണ് ഗണേഷ് ചൂണ്ടിക്കാട്ടിയത്. അതിനു യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഗണേഷിനെ പുറത്താക്കി.
പിന്നാലെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലൂടെ പഴിയും പരദൂഷണവും. ആരാച്ചാര്‍ അഹിംസയെപ്പറ്റി സംസാരിക്കുന്നത് പോലെയാണ് ഗണേഷ്കുമാര് അഴിമതിക്കെതിരെ സംസാരിക്കുന്നതെന്നും അഭിസാരിക പാതിവ്രത്യത്തെപ്പറ്റി പറയുന്നതുപോലെയാണ് ഗണേഷ് രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് വിലപിക്കുന്നതെന്നുമാണ് വീക്ഷണം ആക്ഷേപിക്കുന്നത്.
അഴിമതിക്കെതിരായ പോരാട്ടം ഗണേഷ് ആരംഭിക്കേണ്ടത് യുഡിഎഫില്‍ നിന്നല്ല എവിടെ നിന്നാണെന്ന് ഞങ്ങള്‍ പറയുന്നില്ലെന്നും മുഖപ്രസംഗം. യുഡിഎഫ് കെട്ടിപ്പടുക്കുന്നതില്മുഖ്യ പങ്കുവഹിച്ച ആര്. ബാലകൃഷ്ണപിള്ളയെ പരോക്ഷമായി ആക്ഷേപിക്കുന്നതാണത്.
ഗണേഷിനെ മന്ത്രിയാക്കാനുണ്ടായ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഗണേഷിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമാണെന്നും ‘വീക്ഷണം’ കണ്ടുപിടിച്ചിട്ടുണ്ട്. അനേകം നന്ദികേടുകളുടെ നാണക്കേടുകളുടെയും നാറുന്ന ഭാണ്ഡക്കെട്ടുകള്‍ യുഡിഎഫില്‍ നിക്ഷേപിച്ചാണ് ഗണേഷ് യുഡിഎഫില്‍ നിന്നും പടിയിറക്കം പ്രഖ്യാപിച്ചതെന്നും മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്നുറപ്പായപ്പോള് പാലുകൊടുത്ത കൈകളില്‍ കടിച്ചിട്ടാണ് പോകുന്നതെന്നും ആക്ഷേപിച്ചിട്ടുണ്ട്.
സ്വയം ശ്രേയസ്സിനായി കുടുംബ ബന്ധങ്ങളും രക്തബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞ ഗണേഷിന് രാഷ്ട്രീയ ബന്ധങ്ങളും നിഷ്പ്രയാസം പറിച്ചെറിയാനാവും. ഗണേഷിന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താനാവാതെ പോയത് സ്വന്തം പ്രവര്‍ത്തികളിലെ കണ്ടകശനികൊണ്ടാണെന്നും അതിനെയാണ് സ്വയംകൃതാനര്ത്ഥമെന്ന് പറയുന്നതെന്നും വീക്ഷണം കണ്ടെത്തിയിട്ടുണ്ട്.
ഗണേഷിനെതിരായ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് മുഖപത്രത്തിലൂടെ കോണ്‍ഗ്രസ് ചെയ്തത്. അഴിമതിക്കാര്‍ മാത്രം മന്ത്രിസഭയില്‍ മതിയെന്ന് ഒരിക്കല്‍ കൂടി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇബ്രാഹീംകുഞ്ഞിന്റെ സ്റ്റാഫുകള്‍ അഴിമതിക്കാരാണെന്നും ഒരു ഭരണകക്ഷി എംഎല്എയായിട്ടുപോലും തനിക്ക് പരിഗണന ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ഗണേഷ്കുമാര് ആരോപണം നിയമസഭാ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
ആരോപണത്തെ ഭയന്ന ഉമ്മന്‍ചാണ്ടി അഴിമതി അന്വേഷണത്തിന് മുതിരാതെ ഗണേഷിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. കുടുംബ വഴക്കിന്റെ പേരില്‍ ഗണേഷിനെ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ തത്ക്കാലം മാറിനില്‍ക്കണമെന്ന് പറഞ്ഞ് പടിയിറക്കിവിട്ട മുഖ്യമന്ത്രി പിന്നീട് വാക്ക് പാലിച്ചില്ല.
തനിക്കെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങള്‍ വന്നപ്പോഴൊന്നും യുഡിഎഫ് സര്‍ക്കാരിന്റെ ‘പ്രതിച്ഛായ’ക്കു മങ്ങലേറ്റതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: