നെയ്യാറ്റിന്‍കര: കേസ് മാറ്റി വയ്ക്കുന്നതിന് ജ്വല്ലറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി.
നെയ്യാറ്റിന്‍കര കോടതിയിലെ അസിസ്റ്റന്റ് ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പനച്ചമൂട് സ്വദേശി എ. ഷാജുദ്ദീനെയാണ് കോടതി സമുച്ചയത്തിന് അകത്തുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നും വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.
പാറശ്ശാലയിലെ ഒരു ജൂവല്ലറിയില്‍ നിന്നും കളവുപോയ സ്വര്‍ണ്ണം തിരികെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനായാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പാറശ്ശാലയിലെ ജൂവല്ലറിയില്‍ നിന്നും അഞ്ചു വര്‍ഷം മുമ്പ് ഏഴരക്കിലോ സ്വര്‍ണ്ണം കളവു പോയിരുന്നു. അന്വേഷണത്തിനൊടുവില്‍ ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ വേണ്ടി സ്വര്‍ണ്ണം തട്ടിയെടുത്തതാണെന്ന് പോലീസ് കണ്ടെത്തി.
സ്വര്‍ണ്ണം പോലീസ് കണ്ടെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റിയിരുന്നു. വിചാരണയ്ക്കിടയില്‍ കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്ന ഉറപ്പില്‍ മതിയായ ജാമ്യത്തിന്മേല് സ്വര്‍ണ്ണം ജൂവല്ലറി ഉടമ തിരികെ വാങ്ങിയിരുന്നു. ഇതിനിടെ ജൂവല്ലറി ഉടമ മരണപ്പെട്ടു. സ്വര്‍ണ്ണം കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനായി പബ്ലിക് പ്രോസികൃൂട്ടര്‍ അഞ്ചു ലക്ഷം രൂപ നിലവിലെ ഉടമകളില്‍ നിന്നും കൈക്കൂലിയായി ആവശ്യപ്പെട്ടു അഡ്വാന്‍സായി അറുപതിനായിരം രൂപയും കൈപ്പറ്റി. കേസ് ഉടന വിചാരണയ്ക്കു വച്ചിരിക്കുകയാണെന്ന് കാണിച്ച് ബാക്കി തുക ആവശ്യപ്പെടുകയായിരുന്നു.
ജ്വല്ലറി ഉടമ വിജിലന്‍സ് സംഘത്തെ ഈ വിവരം അറിയിച്ചു. ഇന്നലെ രാവിലെ 10 ഓടെ കോടതി സമുച്ചയിത്തിനുള്ളില് പ്രവര്‍ത്തിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ വിജിലന്‍സ് എസ്പി ആര്. സുകേശന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രണം ചെയ്തതനുസരിച്ച് പ്രോസിക്യൂട്ടറെ പണം കൈമാറ്റത്തിനിടെ പിടികൂടി. ഇയാളുടെ പനച്ചമൂട്ടിലുള്ള വീട്ടിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. 38 ലക്ഷം രൂപയുടെ കെഎസ്എഫ്ഇയുടെ ചിട്ടികളുടെ രേഖകളും സഹോദരിമാരുടെ പേരില്‍ വിവധ ബാങ്കുകളില്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി അജിത്കുമാര്‍, വിനോദ്, കൃഷ്ണകുമാര്‍ സിഐമാരായ ചന്ദ്രന്, ജയകുമാര്‍, അനില്‍, ബിനു, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: