ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപക നേതാവു പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസിലെ അന്വേഷണം ഗൂഢാലോചനക്കാരിലേക്ക് നീങ്ങാതിരിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കിടെ പ്രധാനപ്രതിക്ക് സര്‍ക്കാരിന്റെ സഹായവും.
കേസിലെ രണ്ടാംപ്രതിയും സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ പി. സാബുവിനെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. തകഴിയിലെ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിലെ പ്യൂണായ സാബു ഒരുമാസത്തോളമായി ജോലിക്ക് ഹാജരാകുന്നില്ല.
കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ഇയാള്‍ പ്രതിയാണെന്നു കാട്ടി ക്രൈംബ്രാഞ്ച് ജില്ലാക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കഴിഞ്ഞമാസം 26നാണ്. ഇതിനുശേഷം ഇയാള്‍ സ്കൂളില്‍ ജോലിക്കെത്തിയിട്ടില്ല.
ഇത്രയും നാള് ജോലിക്ക് ഹാജരാകാതിരുന്നിട്ടും സാബുവിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇയാള്‍ നേരത്തെ പല ദിവസങ്ങളിലും ജോലിക്ക് എത്തിയതായി ഹാജര്‍ ബുക്കില്‍ ഒപ്പു രേഖപ്പെടുത്തിയിരുന്നെങ്കിലും തകഴിയില്‍ ഇല്ലായിരുന്നുവെന്ന് മൊബൈല്‍ ഫോണിന്റെ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചതില്‍ നിന്നു ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധം മുതലെടുത്ത ഇയാള്‍ പല സഹപ്രവര്‍ത്തകരെയും മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മാരാരിക്കുളം പോലീസ് സ്റ്റേഷനുകളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച കേസിലെ ഏഴാംപ്രതിയായിരുന്നു ഇയാള്‍. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നു കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു. ഇതിനുശേഷം കഴിഞ്ഞമാസം വരെ ഒന്നര വര്‍ഷക്കാലവും സാബു സ്കൂളില്‍ ജോലിയില്‍ തുടരുകയും ശമ്പളം വാങ്ങുകയും ചെയ്തു.
പോലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടുകയും തീവയ്ക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഇത്രയും നാള് എല്ലാവിധ ഒത്താശയും ചെയ്തത് പോലീസും ദേവസ്വം ബോര്‍ഡുമാണെന്ന് വ്യക്തമായിരിക്കുകയാണ്.
ഒളിവിലാണെന്നു മാരാരിക്കുളം പോലീസ് റിപ്പോര്‍ട്ട് ചെയ്ത പ്രതിയാണ് ഇതേ കാലയളവില്‍ മുഹമ്മ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയായത്.
കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിനു മുന്‍ ദിവസവും പിന്നീടുമായി ഇയാള്‍ നിരവധി തവണ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. ‘ഒളിവി’ലെ പ്രതി പലതവണ മാരാരിക്കുളം പോലീസ് സ്റ്റേഷനിലുമെത്തിയിരുന്നു.
സിപിഎമ്മിലെ ഒരുവിഭാഗവും പോലീസും ഭരണകക്ഷിയും ഒത്തുകളിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎമ്മിലെ ചില തലമുതിര്‍ന്ന പ്രാദേശിക നേതാക്കളുടെ ശക്തമായ ഇടപെടലുകളും മൊഴികളുമാണ് പ്രതികളെ കുടുക്കിയത്. എന്നാല്‍ ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ വിജയിക്കുന്ന നിലയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ജനുവരി ആദ്യവാരം സിപിഎം ജില്ലാ സമ്മേളനം കഴിയുന്നതു വരെയെങ്കിലും ഉന്നത നേതാക്കളെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് അന്വേഷണ സംഘത്തിനുമേലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: