പാലക്കാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പാലക്കാട്ട് ജില്ലയുടെ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മെഗാ അംഗത്വവിതരണം സംബന്ധിച്ച യോഗം ടോപ് ഇന്‍ ടൗണ്‍ഹാളില്‍ 19ന് രാവിലെ 10ന് നടക്കും. സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മെമ്പര്‍ഷിപ്പ് ചാര്‍ജുള്ള നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് കോട്ടമൈതാനത്ത് പൊതു സമ്മേളനവും നടക്കും.
കേരളത്തിന്റ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയും യോഗത്തില്‍ പങ്കെടുക്കും. കോട്ടമൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ 1500 ബൂത്തുകളില്‍ നിന്നായി 50,000 പേര് പങ്കെടുക്കുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. മഹാ സമ്മേളനത്തില്‍ ഒക്ടോബര്‍ 22 ന് ശേഷം പാര്‍ട്ടിയിലെത്തിയ ആയിരം പേര്‍ക്ക് സ്വീകരണം നല്‍കും.
മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന്‍പിള്ള, സി.കെ.പത്മനാഭന്, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, സഹസംഘടന സെക്രട്ടറി കെ.സുഭാഷ് തുടങ്ങി മുഴുവന്‍ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി .എം വേലായുധന്, ദേശീയ സമിതിയംഗം എന്‍. ശിവരാജന്, ജനറല്‍ സെക്രട്ടറി പി .വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. ഇന്നലെ ജില്ലയില്‍ സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ നടന്നു. നഗരത്തില്‍ നടന്ന ജാഥയില്‍ മുതിര്‍ന്ന നേതാക്കളും കൗണ്‍സിലര്‍മാരുമടക്കം നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: