മഡ്ഗാവ്: ഗോവ എഫ്സിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അത്ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ ഫൈനലില്‍. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 20ന് മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സാണ് അത്ലറ്റികോയുടെ എതിരാളികള്‍.
രണ്ടാം പാദ സെമിയില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് വാശിയേറിയ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യപാദവും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ ഗോവക്ക് വേണ്ടി ആദ്യ കിക്കെടുത്ത ആന്ദ്രെ സാന്റോസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളില്‍ക്കൂടി പുറത്തേക്ക് പറന്നപ്പോള്‍ കൊല്‍ക്കത്തക്ക് വേണ്ടി ആദ്യ കിക്കെടുത്ത ജോസ്മി ഗോവന്‍ വല കുലുക്കി. രണ്ടാം കിക്കെടുത്ത ഒസ്ബെ ഗോവക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മൂന്നാം കിക്കെടുത്ത ഷാറൂണ്‍ ഫക്രുദ്ദീന്റെ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടിത്തെറിച്ചു. നാലാം കിക്കെടുത്ത ക്ലിഫോര്‍ഡ് മിറാന്‍ഡയും ഗോവക്കായി ലക്ഷ്യം കണ്ടു. അത്ലറ്റികോക്ക് വേണ്ടി ജോസ്മിക്ക് പുറമെ മുഹമ്മദ് റാഫി, ജോഫ്രെ, ബോര്‍ജ എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു.
കഴിഞ്ഞ കളിയില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നലെ നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്. ഗോവ എഫ്സി മിറോസ്ലാവ് സ്ലെപിക്കയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലും അത്ലറ്റികോ ഗോവ 3-5-2 ശൈലിയിലുമാണ് കളിക്കാരെ വിന്യസിച്ചത്.
തുടക്കം മുതല്‍ ഇരുടീമുകളും വിജയം ലക്ഷ്യം വച്ച് മികച്ച മുന്നേറ്റങ്ങള്‍ മെനയാന്‍ തുടങ്ങിയതോടെ കളി ആവേശകരമായിത്തീര്‍ന്നു. കളിയുടെ ഏഴാം മിനിറ്റില്‍ ഗോവ എഫ്സിക്ക് ഒരു അവസരം ലഭിച്ചെങ്കിലും റോമിയോ ഫെര്‍ണാണ്ടസിന് ലക്ഷ്യം പിഴച്ചു. തൊട്ടുപിന്നാലെ സാന്റോസ് ബോക്സിന് പുറത്തുനിന്ന് പറത്തിയ വെടിയുണ്ടകണക്കെയുള്ള ഷോട്ട് ക്രോസ് ബാറിന് പുറത്തേക്ക് പറന്നു. പിന്നീട് 20-ാം മിനിറ്റിലും ഗോവന്‍ താരങ്ങള്‍ അവസരം നഷ്ടമാക്കി. പത്ത് മിനിറ്റിനുശേഷം ആന്ദ്രെ സാന്റോസ് ലീഡ് നേടാനുള്ള മറ്റൊരു അവസരം കൂടി നഷ്ടമാക്കി. 31-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ സഞ്ജു പ്രധാനും മുഹമ്മദ് റാഫിയും ചേര്‍ന്ന് നടത്തിയ സുന്ദരമായ നീക്കത്തിനൊടുവില്‍ പന്ത് ഗോവന്‍ ബോക്സില്‍ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടര്‍ന്നും ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പീറ്റര്‍ കാര്‍വാലോയെ തിരിച്ചുവിളിച്ച് ഗോവ എഫ്സി ജുവല്‍ രാജയെ കളത്തിലിറക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിസ്റ്റര്‍ ഫെര്‍ണാണ്ടസിനെ തിരിച്ചുവിളിച്ച് കൊല്‍ക്കത്ത ദേബ്നാഥിനെ രംഗത്തിറക്കി. 47-ാം മിനിറ്റില്‍ ഗോവയുടെ റോമിയോ ഫെര്‍ണാണ്ടസ് മറ്റൊരു സുന്ദരമായ അവസരം കൂടി നഷ്ടപ്പെടുത്തി. 60-ാം മിനിറ്റില്‍ കൊല്‍ക്കത്ത ലൂയിസ് ഗാര്‍ഷ്യയെ മടക്കിവിളിച്ച് ജോഫ്രെയെ രംഗത്തിറക്കി. 68-ാം മിനിറ്റില്‍ മാന്‍ഡറിന്റെ ഷോട്ട് ഗോവ ഗോളി സെദ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. ഇഞ്ചുറി സമയത്ത് അത്ലറ്റികോക്ക് മറ്റൊരു സുവര്‍ണാവസരം കൂടി ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു.
അധികമസമയത്തും ഇരുടീമുകളും വിജയഗോളിനായി വാശിയേറിയ മുന്നേറ്റം നടത്തിയെങ്കിലും ഇരുടീമുകള്‍ക്കും എതിര് ഗോളിമാരെ കീഴടക്കാന്കഴിഞ്ഞില്ല. അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത സഞ്ജു പ്രധാനു പകരം ലോബൊയെയും ഗോവ എഫ്സി ഗ്രിഗോറി അര്നോലിന് പകരം ക്ലിഫോര്‍ഡ് മിറാന്‍ഡയെയും കളത്തിലിറക്കിയെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: