ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി മുരളി വിജയും (144) സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുന്ന അജിന്‍ക്യ രഹാനെയും (75 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. രഹാനെക്കൊപ്പം 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ക്രീസില്‍.
ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തിയത്. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി തിരിച്ചെത്തിയപ്പോള്‍ വൃദ്ധിമാന്‍ സാഹ പുറത്തായി. കരണ്‍ ശര്‍മ്മക്ക് പകരം ആര്‍. അശ്വിനും പേസ് ബൗളര്‍ മുഹമ്മദ് ഷാമിക്ക് പകരം ഉമേഷ് യാദവും തിരിച്ചെത്തി. ഓസീസ് നിരയില്‍ ഹേസില്‍വുഡ് അരങ്ങേറ്റം നടത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ആദ്യ ടെസ്റ്റിലെന്നപോലെ മികച്ച തുടക്കം നല്‍കുന്നതില്‍ ശിഖര്‍ ധവാന്‍ വീണ്ടും പരാജയപ്പെട്ടു. സ്‌കോര്‍ 56-ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത ധവാനെ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ബ്രാഡ് ഹാഡിന്‍ പിടികൂടി. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാരക്കും മികച്ച ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. 18 റണ്‍സെടുത്ത പൂജാര ഹേസില്‍വുഡിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 100ലെത്തിയിരുന്നു.
ഇതിനിടെ മുരളി വിജയ് അര്‍ദ്ധസെഞ്ചുറി തികച്ചു. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലാണ് മുരളി അര്‍ദ്ധശതകം നേടുന്നത്. മുരളിക്ക് പകരം ക്രീസിലെത്തിയ വിരാട് കോഹ്‌ലിക്കും ഇന്നലെ ശോഭിക്കാനായില്ല. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടിയ കോഹ്‌ലി ഇന്നലെ 19 റണ്‍സെടുത്ത് ഹേസില്‍വുഡിന്റെ പന്തില്‍ ഹാഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ ഇന്ത്യ മൂന്നിന് 137 എന്ന നിലയിലായി. എന്നാല്‍ തുടര്‍ന്നെത്തിയ രഹാനെ മുരളി വിജയിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വീണ്ടും മികച്ച സ്‌കോറിലേക്ക് നീങ്ങി.
ഇന്ത്യന്‍ സ്‌കോര്‍ 180ലെത്തിയപ്പോള്‍ മുരളി സെഞ്ചുറിയും തികച്ചു. 175 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളടങ്ങിയതായിരുന്നു മുരളിയുടെ 100. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 124 റണ്‍സ് മുരളിയും രഹാനെയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്‌കോര്‍ 261-ല്‍ എത്തിയപ്പോള്‍ ഓസ്‌ട്രേലിയ കാത്തിരുന്ന വിക്കറ്റ് വീണു. 213 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികളോടെ 144 റണ്‍സെടുത്ത മുരളി വിജയിനെ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന്‍ പിടികൂടി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസത്തെ കൡ അവസാനിപ്പിക്കാന്‍ രഹാനെക്കും രോഹിത് ശര്‍മ്മക്കും കഴിഞ്ഞു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ഹേസില്‍വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: