ഗുരുവായൂര്‍: കുചേല സ്മരണയില്‍ അവില്‍പൊതികളുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നതു മുതല്‍ ക്ഷേത്രം തിരക്കിലലിഞ്ഞു. കുചേലദിനത്തിന്റെ ഭാഗമായി രാവിലെ പന്തീരടി പൂജക്കും ഉച്ച പൂജക്കും രാത്രി അത്താഴപൂജക്കും അവില് നിവേദിച്ചു.
ദേവസ്വം നല്കുന്ന അവിലിന് പുറമെ ഭക്തരും അവില് വഴിപാടായി സമര്‍പ്പിക്കുന്നുണ്ട്. രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ ഭക്തര്‍ അവില്‍പൊതി സമര്‍പ്പിച്ചു. ശ്രീകൃഷ്ണന്റെ സതീര്‍ഥ്യനായ സുദാമാവ് ദാരിദ്ര്യ ശമനത്തിനായി അവില്പൊതിയുമായി ഭഗവാനെ ദ്വാരകയില്‍ ചെന്ന് കണ്ടതിന്റെ സ്മരണാര്‍ഥമാണ് ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നത്.
നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്ത് കുഴച്ച അവിലാണ് മേല്‍ശാന്തി മുന്നൂലം ഭവന് നമ്പൂതിരി നിവേദിച്ചത്. പന്തീരടി പൂജക്ക് നിവേദിച്ച അവില് പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. കുചേലദിനത്തോടനുബന്ധിച്ച് കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കുചേലവൃത്തം കഥകളിപദകച്ചേരി അരങ്ങറി. രാത്രി കുചേലവൃത്തം കഥകളിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: