തിരുവനന്തപുരം: അഴിമതിക്കെതിരായി സ്വീകരിച്ച നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗണേഷ്കുമാര് മുന്നണി വിട്ട് പുറത്തു വന്ന് അഴിമതിക്കെതിരെ തങ്ങള്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കാളിയാവണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന്. കെ.എം.മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി ഇബ്രാഹീംകുഞ്ഞ് നടത്തിയ അഴിമതികളെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഗണേഷ്കുമാര് പുറത്തുവിട്ടത്. അദ്ദേഹത്തെ പുച്ഛിക്കുന്ന നിലപാടാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിച്ചത്. അഴിമതി ആരോപണം നിയമസഭാ സമിതി അന്വേഷിക്കണമെന്ന ഗണേഷ്കുമാറിന്റെ ആവശ്യം ന്യായമാണ്. അഴിമതിക്കെതിരെ ഗണേഷ് സ്വീകരിച്ച നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹം പാര്‍ട്ടിവിട്ട് അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം വരണം. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് ആദരവും ബഹുമാനവും സ്നേഹവും ഉണ്ടാകും. വിശാല ഹൃദയരായ പ്രവര്‍ത്തകര്‍ ഗണേഷ്കുമാറിനെ പൂമാലയിട്ട് സ്വീകരിക്കും, സികെപി പറഞ്ഞു.
അഴിമതി ആരോപണങ്ങള്‍ ബഹുമതിയായിട്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണുന്നത്. ബാര്‍ വിഷയത്തില്‍ മദ്യമുതലാളിമാരുമായി സര്‍ക്കാര്‍ രഹസ്യബാന്ധവം ഉണ്ടാക്കിയിരിക്കുകയാണ്. മദ്യ നയത്തില്‍ പുറകോട്ടു പോകുന്നതിനു പിന്നില്‍ ഇതാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരനെ മുന്‍നിര്‍ത്തി കൂറുമുന്നണി ഉണ്ടാക്കാന്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും ശ്രമിച്ചു. അതിന്റെ പ്രതിരോധമായിരുന്നു മദ്യനയം. ഞരമ്പുരോഗികളെപ്പോലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ചാടിക്കയറി തെറ്റായ തീരുമാനങ്ങളെടുക്കുകയാണ്. മാണിയെ രക്ഷിക്കാനല്ലെങ്കില്‍ ആഭ്യന്തരമന്ത്രി മാണിയെ തലയില്‍ മുണ്ടിട്ട് കാണേണ്ട കാര്യമുണ്ടോ? എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മാണി മാറി നിന്ന് അന്വേഷണത്തെ നേരിടുന്നതാണ് മാന്യത. മാണി അതിനു തയ്യാറായില്ലെങ്കില്‍ തെരുവില്‍ തടയും. മാണിയെ മാത്രമല്ല കോണിയുടെ ആള്‍ക്കാരെയും വെറുതെ വിടില്ലെന്ന് സികെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: