കുറച്ച് നല്ല നിമിഷങ്ങളും അതിലേറെ നൊമ്പരങ്ങളും സമ്മാനിച്ച് ഒരു സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന് കൂടി കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ എല്‍എന്‍സിപിഇയില്‍ കൊടിയിറങ്ങി. കൃത്യമായ ആധുനികരീതിയിലുള്ള പരിശീലനവും വേണ്ട പോഷകാഹാരവും നല്കിയാല് ഭാവിയില്‍ ഭാരത അത്ലറ്റിക്സിന്റെ ചിത്രം മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു പിടിതാരങ്ങളുടെ പിറവിക്കും ഈ കായികമേള സാക്ഷ്യം വഹിച്ചു.
തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്നെത്തിയ പി.ഡി. അഞ്ജലി, സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി വടക്കേയറ്റത്തുള്ള കാസര്‍കോടിനെ ഇരട്ടപ്പൊന്നണിയിച്ച ജ്യോതിപ്രസാദ്, കോഴിക്കോടിന്റെ വരദാനവും മുന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷയുടെ വത്സലശിഷ്യയുമായ ജിസ്ന മാത്യു, കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ നെല്ലിപ്പൊയിലില് നിന്നെത്തിയ കെ.ആര്. ആതിര, കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റിയന്, വീടിന് മുന്നില്‍ പതിച്ച ജപ്തിനോട്ടീസ് കണ്ട ദുഃഖം ഉള്ളിലൊതുക്കിയെത്തിയ ഷിജോ മാത്യു, ആദ്യമായി ലോഹനിര്‍മ്മിത ജാവലിനുമായി മത്സരിക്കാനെത്തിയ കിരണ്‍നാഥ്, പാലക്കാട് ജില്ലയിലെ പറളി സ്കൂളിന്റെ മിന്നുംതാരമായ മുഹമ്മദ് അഫ്സല്, കണ്ണൂര്‍ സ്വദേശിയും തിരുവനന്തപുരം സായിയുടെ പരിശീലനത്തിലെത്തിയ സി. അഭിനവ്, എറണാകുളത്തിന്റെ സ്മൃതിമോള്‍.വി, രാജേന്ദ്രന്… പട്ടിക അങ്ങനെ നീളുന്നു.
എങ്കിലും ഒരു സംശയം ബാക്കിയാകുന്നു. ഇവരിലൊക്കെ ഒതുങ്ങുകയാണോ കായിക കേരളത്തിന്റെ സ്വപ്നങ്ങള്‍.
കണ്ണീരണിഞ്ഞവര്‍
തീര്‍ന്നില്ല ഒരുപിടി താരങ്ങളുടെ കണ്ണീരിനും ഇത്തവണ മീറ്റ് സാക്ഷ്യം വഹിച്ചു. താരങ്ങള്‍ക്കേറ്റ പരിക്കുകള്‍ ഭൂരിഭാഗവും പോള്വോള്വോട്ടില് നിന്ന്. ഫൈബര്‍പോള്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ചില ജില്ലകളിലെ കുട്ടികള്‍ മത്സരിക്കാനെത്തിയത് മുളയും ഇരുമ്പ് പൈപ്പും കൈയ്യിലേന്തി. മുളയും ജിഐ പൈപ്പും കുത്തിച്ചാടി ഉയരങ്ങള്‍ താണ്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും മീറ്റ് കണ്ണീരിന്റേതായി മാറിയത്.
പണത്തിന്റെയും ഉത്തേജകമരുന്നിന്റെയും പിന്‍ബലത്തില്‍ ട്രാക്കും ഫീല്‍ഡും അടക്കി വാണിരുന്നവര്ക്കേറ്റ തിരിച്ചടിയും ഈ മേളയുടെ പ്രത്യേകതയായിരുന്നു. ജീവിത പ്രതിസന്ധികളോട് പോരാടി സാധാരണക്കാരുടെ പിന്‍ബലത്തില്‍ ജീവിത പ്രാരാബ്ധങ്ങളുടെ നടുവില്‍ നിന്നും ഒരു പിടിതാരങ്ങളെ കായിക കേരളത്തിന് സമ്മാനിച്ച നാട്ടിക സ്പോര്‍ട്സ് അക്കാദമിയും കോഴിക്കോട് ജില്ലയിലെ നെല്ലിപ്പൊയിലും പുല്ലൂരാംപാറയും ഉഷ സ്കൂളും കാസര്‍കോടിനെ ചരിത്രത്തിലാദ്യമായി പൊന്നണിയിച്ച നായ്മര്‍മൂല സ്കൂളും കായികകേരളത്തിന്റെയും ഭാരതത്തിന്റെയും കായികഭാവി ശോഭനമാക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
പക്ഷെ, സ്കൂള്‍ കായികമേളകള്‍ അടക്കി വാണിരുന്നവര് പതിയെ വീഴുകയാണോ. പലരുടെയും പ്രകടനം ശരാശരിക്കും താഴെ. പുതിയ പ്രതിഭകളുടെ മിന്നലാട്ടം പോലും സൃഷ്്ടിക്കാന്‍ ഇവര്‍ക്കായില്ല. രാജ്യാതിര്‍ത്തിക്ക് അപ്പുറത്തേക്ക് കേരളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്ത്താന്വൈഭവമുള്ള താരങ്ങളുടെ പുതിയ പിറവി എന്നു സംഭവിക്കും.
പ്രതിസന്ധിയില്‍
തളരാത്തവര്‍
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും തൃശ്ശൂര്‍ നാട്ടിക ഗവണ്മെന്റ് ഫിഷറീസ് സ്കൂളിലെ ഒരു കൂട്ടം കുട്ടികളെ താരങ്ങളാക്കാന് ഇറങ്ങിയ കണ്ണന് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ നമുക്കു നമിക്കാം. പുതിയൊരു പ്രതിഭയെ കായിക കേരളത്തിന് സമ്മാനിച്ചതിന്. സബ്ജൂനിയര് വിഭാഗം പെണ്‍കുട്ടികളില്‍ 100, 200, 400 മീറ്ററില്ട്രിപ്പിള് സ്വര്‍ണവുമായി മേളയുടെ താരമായ അഞ്ജലി.
പി.ഡി.യെ വാര്‍ത്തെടുത്ത ആ പരിശീലന മികവിന് കായിക കേരളം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നാട്ടിക നമുക്ക് മുന്നില്‍ വെക്കുന്നത് ജനകീയ കൂട്ടായ്മയുടെ വിജയം കൂടിയാണ്.
മുന്‍ സംസ്ഥാന സ്കൂള്‍ മീറ്റുകളില്‍ സ്വര്‍ണ്ണം പോയിട്ട് വെങ്കലം പോലും സ്വപ്നം കാണാന്‍ കഴിയാതെ തലകുനിച്ചു മടങ്ങിയിരുന്ന കാസര്‍കോട് ഇത്തവണ തലയുയര്‍ത്തി തന്നെയാണ് ട്രാക്ക് വിട്ടത്. സ്പ്രിന്റ് ഡബിളുമായി നെയ്മര്‍മൂല ടിഐഎച്ച്എസ്എസിലെ ടി.കെ.ജ്യോതിപ്രസാദ് എന്ന മിന്നല്‍ ജ്യോതിയാണ് കാസര്‍കോടിനെ ഇരട്ടപ്പൊന്നണിയിച്ചത്.
വേഗതയുടെ രാജകുമാരനായ ജ്യോതി കായിക കേരളത്തിന് ലഭിച്ച പുതിയ വരദാനമാണ്. നാലു വര്‍ഷത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലായിരുന്നു ജ്യോതിയുടെ പൊന്നുവാരല്‍.
ഇത്തവണ അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം തൊട്ടേ തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മിബായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ മൈതാനത്തെ ട്രാക്കിലും ഫീല്‍ഡിലും കായിക കേരളം തിരഞ്ഞത് മികച്ച പ്രതിഭകളുടെ കടന്നു വരവിനെയാണ്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന പ്രതിഭകളെയാണ് ലഭിച്ചത്.
മാറേണ്ട ചില മനോഭാവങ്ങള്‍
ചാമ്പ്യന്‍ സ്കൂള്‍ കിരീടത്തിനായി കോതമംഗലം സ്കൂളുകളുടെ ശത്രുതാമനോഭാവത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഈ മനോഭാവം മാറേണ്ടതാണ്. നാളെ ഭാരതത്തിന്റെ കായികരംഗം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഈ സ്കൂളുകളിലെ കുട്ടികളുടെ മുഖത്തുപോലും ശത്രുതാമനോഭാവമാണുള്ളത്.
എറണാകുളത്തെ ഈ രണ്ടു സ്കൂളുകളും നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുമുണ്ട്. പക്ഷെ, തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുന്നതു പോലെ ഓരോ താരത്തെയും മൂന്നും നാലും ഇനങ്ങളില്‍ പങ്കെടുപ്പിച്ച് മെഡല്‍ നേടുന്നത് മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. കുട്ടികളുടെ കായിക ഭാവിയെ തകര്‍ക്കുന്ന ഇത്തരം സമീപനങ്ങള്‍ക്ക് മാതാപിതാക്കളും കൂട്ടു നില്ക്കുന്നു. സംസ്ഥാന മീറ്റില്‍ പങ്കെടുക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് മാത്രമാണോ ഇവരുടെ ലക്ഷ്യം?
ഇതേ സ്കൂളുകള്‍ക്കായി കഴിഞ്ഞ സംസ്ഥാന- ദേശീയ സ്കൂള്‍ മീറ്റുകളില്‍ മിന്നിത്തിളങ്ങിയ പലതാരങ്ങളെയും തിരുവനന്തപുരത്തെ ട്രാക്കിലും ഫീല്‍ഡിലും കാണാനേയില്ലായിരുന്നു. ഒരു മീറ്റു കൊണ്ടു തന്നെ ഈ താരങ്ങളുടെ കായിക ഭാവി കരിഞ്ഞു വീണെന്ന് ചുരുക്കം. കുറേപേര്‍ വിട്ടുമാറാത്ത പരിക്കുകാരണം കാള്സെന്ററുകളിലും മറ്റും ജോലിയിലുമാണ്.
മുന്‍ഗാമികളുടെ പാതയിലാരെല്ലാം
പി.ടി ഉഷ, ഷൈനി വില്‍സണ്‍, വത്സമ്മ, റോസക്കുട്ടി, ബീനമോള്‍, മേഴ്സിക്കുട്ടന്‍, ബോബി അലോഷ്യസ്, അഞ്ജു ബോബി ജോര്‍ജ്, ഒളിമ്പ്യന്‍ യോഹന്നാന്…
ലോക കായിക ഭൂപടത്തില്‍ കേരളത്തിന്റെ, ഭാരതത്തിന്റെ പേര് എഴുതിച്ചേര്‍ത്ത ലോകോത്തര താരങ്ങള്‍. ഇവരെല്ലാം സംസ്ഥാന സ്കൂള്‍ കായിക മേളയുടെ സംഭാവനകളാണ്. ഇനി ഇവരുടെ പിന്‍ഗാമികളെ എവിടെ നിന്നും തിരഞ്ഞു പിടിക്കും. കേരളത്തിന്റെ സംഭാവന പ്രീജ ശ്രീധരനിലും പ്രജുഷയിലും മയൂഖ ജോണിയിലും ടിന്റു ലൂക്കയിലും രഞ്ജിത്ത് മഹേശ്വരിയിലുമൊക്കെയായി അവസാനിക്കുകയാണ്.
മുഹമ്മദ് അഫ്സലും പി.യു. ചിത്രയും തെരേസ ജോസഫും അബ്ദുള്ള അബൂബക്കറും ഈ നിരയിലേക്ക് കടന്നു വരാം. ജിസ്ന മാത്യുവും ഡൈബി സെബാസ്റ്റിയനും വി.വി. വര്‍ഷയും കെ.ആര്. ആതിരയും പ്രതീക്ഷയുടെ വരദാനങ്ങളാണ്.
കോഴിക്കോട് നിന്നെത്തിയ പ്രതിഭകള്‍ മികച്ച മുന്നേറ്റങ്ങള്‍ തന്നെ നടത്തി. ജിസ്ന മാത്യുവും കെ.ആര്. ആതിരയും ഷഹര്‍ബാന സിദ്ദീഖും തെരേസ ജോസഫുമെല്ലാം ഭാവിയുടെ പ്രതീക്ഷകള്‍ തന്നെ. ഉഷ സ്കൂളും പുല്ലൂരാംപാറ, നെല്ലിപ്പൊയില്‍ സ്കൂളുമൊക്കെയാണ് കോഴിക്കോടിന്റെ മികച്ച പ്രകടനത്തിന് വഴിമരുന്നിട്ട കായിക താരങ്ങളെ സൃഷ്്ടിച്ചത്. ഇല്ലായ്മകളെ ഓടിയും ചാടിയും തോല്‍പ്പിച്ചാണ് ഇവര്‍ മികച്ച താരങ്ങളായത്.
പാലക്കാട് പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളുടെ ഖ്യാതി പടിയിറങ്ങുകയാണോയെന്ന സംശയവും ഉയര്‍ന്നു തുടങ്ങി. കാര്യമായ പുതിയ പ്രതിഭകളുടെ മിന്നലാട്ടം പാലക്കാട് നിന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ദീര്‍ഘദൂരങ്ങളില്‍ പാലക്കാട് കുത്തകയാക്കിവെച്ചിരുന്ന ഇനങ്ങളിലും ഇത്തവണ അവര്‍ക്ക് കാലിടറുന്നതാണ് കണ്ടത്. എങ്കിലും മനോജ് മാഷിനെയും സിജിനെയുമൊക്കെ അടുത്തറിയുന്ന കായിക കേരളം പ്രതീക്ഷ കൈവിടുന്നില്ല. ചിത്രയെയും അഫ്സലിനെയും വര്‍ഷയെയും പോലുള്ള നിരവധി കായിക പ്രതിഭകള്‍ പാലക്കാടന്‍ തീക്കാറ്റായി ട്രാക്കിലെത്തുമെന്ന് വിശ്വസിക്കാം.
കായിക ലോകത്തെ ദ്രോണാചാര്യരുടെ ശിഷ്യര്‍ ഇത്തവണ പൊന്നണിയാതെ കളം വിട്ടത് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ നിന്ന് പ്രതീക്ഷയേകുന്ന ഒരു താരം പോലും ഉണ്ടായില്ലെന്നത് കായിക ഭാവി എങ്ങോട്ടെന്ന ചോദ്യം ഉയര്‍ത്തുന്നു. ഇടുക്കിയില്‍ നിന്നും പോയി മറ്റ് ജില്ലകളെ പ്രതിനിധീകരിച്ച് പൊന്നുവാരിയവരെ വിസ്മരിക്കുന്നില്ല.
സ്കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായവരെ, മികച്ചവരെന്ന് തെളിയിച്ചവരെ കണ്ടെടുത്ത് അത്യാധുനിക സൗകര്യങ്ങളോടെ പരിശീലനം നല്‍കേണ്ടത് രാജ്യത്തിന്റെ കായിക ഭാവിക്ക് അനിവാര്യമാണ്. സായി പോലുള്ള കായിക സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഏറെയാണ്. ഞെക്കി പഴുപ്പിക്കുന്ന പതിവ് രീതികള്‍ മാറ്റിവെച്ച് കായികതാരങ്ങളുടെയും അതുവഴി രാജ്യത്തിന്റെയും കായികഭാവി മുന്നില്‍ കണ്ടുള്ള പരിശീലനങ്ങള്‍ നല്കാന് ഇനിയെങ്കിലും കായിക അധികാരികള്‍ ഉണര്‍ന്നേ, ഉയര്‍ന്നേ മതിയാവൂ. ഇല്ലെങ്കില്‍ സ്കൂള്‍ മീറ്റുകളിലെ മിന്നുംതാരങ്ങളുടെ കഴിവ് ഇവിടെത്തന്നെ കുഴിച്ചുമൂടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: