ആലപ്പുഴ: പാര്ട്ടിക്കാര് തന്നെ തകര്‍ത്ത പി. കൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തില്‍ അരങ്ങേറിയത് വീതംവയ്പ്പും സമവായവും. സമ്മേളനത്തില്‍ ഒത്തുതീര്‍പ്പിനായി ചിലര്‍ വന്‍തോതില്‍ പണമൊഴുക്കിയതായും ആക്ഷേപമുയരുന്നു. ഏരിയ കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷം ആധിപത്യം നേടിയെങ്കിലും സെക്രട്ടറി സ്ഥാനം സമവായത്തിന്റെ പേരില്‍ വിഎസ്-ഐസക് പക്ഷത്തിന് നല്കി. നേരത്തെ റിട്ടേണിങ് ഓഫീസറായ അദ്ധ്യാപികയെ അക്രമിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്. രാധാകൃഷ്ണനെയാണ് ഏരിയ സെക്രട്ടറിയായി സമവായത്തിന്റെ പേരില്‍ തെരഞ്ഞെടുത്തത്. ഒത്തുതീര്‍പ്പ് സെക്രട്ടറിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് വന്പൊട്ടിത്തെറിക്കിടയാക്കുമെന്ന് ഒരു വിഭാഗം പ്രതിനിധികള്‍ പറയുന്നു.
ജില്ലാ പഞ്ചായത്തംഗം കൂടിയായ വി.ജി. മോഹനന്, പി.എസ്. ഷാജി, എസ്. രാധാകൃഷ്ണന് എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പറഞ്ഞിരുന്നത്. തര്‍ക്കമുണ്ടായാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുടിയായ നിലവിലെ ഏരിയ സെക്രട്ടറി ആര്. നാസര്‍ തുടരാനായിരുന്നു പദ്ധതി. നിലവിലുള്ള കമ്മറ്റിയില്‍ നിന്നും വി.ജി. മോഹനന്, ആര്. നാസര്‍, വിജയന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരെ ഒഴിവാക്കി.
ഈ ഒഴിവുകളിലേക്ക് ടി.കെ പളനിയുടെ നേതൃത്വത്തിലുള്ള പി.എല്‍. മാത്തന്, സി.പി. ദിലീപ്, വിജയകുമാരി എന്നിവരേയും ഔദ്യോഗിക പക്ഷത്ത് നിന്ന് എന്‍.ടി. രാജു, എം. സന്തോഷ്കുമാര്‍, പ്രഭാ മധു എന്നിവരേയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതിനിടെ തിങ്കളാഴ്ട നടക്കുന്ന പ്രകടനത്തില്‍ നിന്നും അര്‍ത്തുങ്കല്‍, അരീപ്പറമ്പ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.
അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മറ്റിയിലുള്ള പ്രശ്നം തണുപ്പിക്കുന്നതിനായി ഇവിടെ നിന്നുള്ള പി.എല്‍. മാത്തനെ ഏരിയ കമ്മറ്റിയില്‍ ഉപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ തവണ ഐസക് പക്ഷം മത്സരത്തിലൂടെ ഏരിയ കമ്മറ്റി പിടിച്ചെടുക്കുകയും മുതിര്‍ന്ന നേതാവ് സി.കെ. ഭാസ്ക്കരനെ സെക്രട്ടറിയുമായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് വിഭാഗീയത ആരോപിച്ച് കമ്മറ്റി പിരിച്ചുവിട്ട് ഔദ്യോഗിക പക്ഷം കമ്മറ്റി പിടിച്ചെടുത്തത് പാര്‍ട്ടിയില്‍ തുറന്ന പോരിനു വഴിയൊരുക്കിയിരുന്നു.
പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രകടനവും സമ്മേളനവും നടത്തിയത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്. ഇത്തവണ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സെക്രട്ടറി ആരായിരിക്കുമെന്ന് പാര്‍ട്ടി അണികളില്‍ പ്രചരണമുണ്ടായിരുന്നു. സമവായത്തില്‍ പാര്‍ട്ടിയല്ല, പണാധിപത്യമാണ് ജയിച്ചതെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: