കൊച്ചി: പൊതുമേഖലയിലടക്കമുള്ള ബാങ്കുകളുടെ എ.ടി.എം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് ജില്ലയിലെ ഇടപാടുകാരില്‍ ആശങ്കയുണര്‍ത്തുന്നു. ഇടപാടുകാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ രാത്രികാലങ്ങളില്‍ പണമെടുക്കുന്നത് ഭീതിയോടെയാണ്.
നേരത്തെ സെക്യൂരിറ്റി ജീവനക്കാരെ നിശ്ചയിച്ചിരുന്ന മിക്ക ബാങ്കുകളും ഇപ്പോള്‍ സുരക്ഷാ ജീവനക്കാരെ പിന്‍വലിച്ച നിലയിലാണ്. നഗരത്തിലേയും ഗ്രാമങ്ങളിലേയും എ.ടി.എം കൗണ്ടറുകളില്‍ ജീവന് പണയപ്പെടുത്തിയാണ് ഇടപാടുകള്‍ നടത്തുന്നത്. സ്ത്രീകളും പ്രായമായവരും ചിലപ്പോള്‍ കുട്ടികള്‍പോലും എ.ടി.എം. കൗണ്ടറുകളില്‍ പണമെടുക്കാനെത്തുന്നുണ്ട്.
വാഹനസൗകര്യം ഏറെയില്ലാത്ത ഉള്‍പ്രദേശങ്ങളില്‍പോലും ബാങ്കുകളുടെ എ.ടി.എം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഇടപാടുകാരുടെ സുരക്ഷ സംബന്ധിച്ച് യാതൊരു ബാധ്യതയും ബാങ്കുകാര് ഏറ്റെടുക്കുന്നില്ല. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പ്രതിമാസം 10,000 രൂപ വരെ വേതനം നല്‍കേണ്ടതുണ്ട്.
എട്ടുമണിക്കൂര്‍ ജോലി സമയം കണക്കാക്കിയാല്‍ ഒരു എ.ടി.എമ്മില്‍ മൂന്ന് ജീവനക്കാരെയെങ്കിലും നിയമിക്കണം. ഈ തുക ലാഭിക്കുന്നതിനു വേണ്ടിയാണ് ബാങ്കുകള്‍ എ.ടി.എം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാതിരിക്കുന്നതെന്ന് പരാതിയുണ്ട്.അതേസമയം, എ.ടി.എം സെന്ററുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ സ്ഥാപിക്കാന്‍ ചില ബാങ്കുകള്‍ ഇനിയും തയാറായിട്ടില്ല. പണമിടപാടു നടത്തി തിരിച്ചിറങ്ങാന്‍ സ്വിച്ചമര്‍ത്തി വാതില്‍ തുറക്കുന്ന സംവിധാനം ഭൂരിപക്ഷം കൗണ്ടറുകളിലും പ്രവര്‍ത്തനരഹിതമാണ്.
ഭൂരിഭാഗം എ.ടി.എമ്മുകളിലും ഒരാള്‍ കയറിയതിനു തൊട്ടുപിന്നാലെ ആര്‍ക്കുവേണമെങ്കിലും കയറാമെന്ന അവസ്ഥയാണ്. ചില ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളുടെ ഗ്ലാസ് വാതിലിലും മറയിലും കറുത്ത ഫിലിം ഒട്ടിച്ചിരിക്കുന്നതിനാല്‍ അകത്ത് ആളുണ്ടോ എന്നുപോലും അറിയാനാവില്ല. ചിലയിടങ്ങളില്‍ ആവശ്യത്തിനു വെളിച്ചവും ഉണ്ടാകില്ല.വിമുക്തഭടന്മാരെയും മറ്റും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സെക്യൂരിറ്റിക്കാരുടെ സംഘടനയില്‍ നിന്നാണ് ബാങ്കുകള്‍ ജീവനക്കാരെ നിയോഗിക്കുന്നത്. എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. സെക്യൂരിറ്റിക്കാരുടെ സ്ഥാപനങ്ങളാണ് ബാങ്കുകളില്‍ നിന്ന് ശമ്പളം ഒന്നിച്ച് കൈപ്പറ്റുക. അവര്‍ തൊഴിലാളികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്ഥാപനങ്ങള്‍ രണ്ടായിരം മുതല്‍ നാലായിരം രൂപ വരെ കമ്മീഷന് എടുക്കുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: