പരവൂര്‍: കൃഷിവകുപ്പിന്റെ നിറവ് പദ്ധതിക്ക് ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ തുടക്കം കുറിച്ചു. പൂതക്കുളം ഗ്രാമപ്പഞ്ചായത്തില്‍ തെങ്ങുകൃഷി വികസനത്തിന് 1,51,40,000 രൂപയും പച്ചക്കറികൃഷി വികസനത്തിന് 5 ലക്ഷം രൂപയും നെല്‍ക്കൃഷിക്ക് 5.2ലക്ഷം രൂപയും സബ്സിഡിയായി ഈ വര്‍ഷം അനുവദിക്കും.
പച്ചക്കറിക്കൃഷി വികസന പദ്ധതികള്‍ക്ക് സെന്റിന് 60 രൂപ നിരക്കിലാണ് സബ്സിഡി. പച്ചക്കറി ക്ലസ്റ്ററുകളുടെ വിപണനത്തിന് ഭൗതികസൗകര്യം ഒരുക്കുന്നതിന് ഒന്നരലക്ഷം രൂപ ചെലവഴിക്കും. ചേന, ചേമ്പ്, കാച്ചില് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സെന്റൊന്നിന് 80 രൂപ വീതം സബ്സിഡി നല്‍കും. സ്പ്രിങ്ലൂ, കണിക ജലസേചന സംവിധാനം എന്നിവ സ്ഥാപിക്കാന്‍ ചെലവിന്റെ 50 ശതമാനം സബ്സിഡി നിരക്കില്‍ ആനുകൂല്യം അനുവദിക്കും.
പൂതക്കുളം പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ വാര്‍ഡ്തല യോഗങ്ങള്‍കൂടി കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കും. തെങ്ങിന്‍തടം തുറക്കല്‍, വളമിടല്‍, സസ്യസംരക്ഷണം, രോഗം ബാധിച്ചതും ഉത്പാദനം കുറഞ്ഞതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റല്‍, ഇടവിളക്കൃഷി, തെങ്ങിന്‍തൈ വാങ്ങല്‍ എന്നിവയ്ക്കും 50 ശതമാനം നിരക്കില്‍ സബ്സിഡി ആനുകൂല്യം നല്‍കും. ജലസേചനയൂണിറ്റുകള് സ്ഥാപിക്കാനും തെങ്ങുകയറ്റയന്ത്രം വാങ്ങാനും പ്രാദേശികമായി നല്ലയിനം തെങ്ങിന്‍തൈകള്‍ ഉത്പാദിപ്പിക്കാനും ജൈവവളനിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാനും ആവശ്യാധിഷ്ഠിത സബ്സിഡി നല്‍കും.
നിറവ് പദ്ധതിയും കേരഗ്രാമം പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ഷകരും ജനപ്രതിനിധികളും സഹകരിക്കണമെന്ന് കാര്‍ഷികവികസനസമിതി യോഗത്തില്‍ ജി.എസ്.ജയലാല്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.എന്‍. പ്രേംജിത്ത്, കൃഷി ഓഫീസര്‍ പ്രീതി എന്നിവരും കൃഷി അസിസ്റ്റന്റ് പി. ജോയി, ജെ. എബി എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: