തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയെ പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ച സാഹചര്യത്തില്‍ മന്ത്രിസ്ഥാനം അദ്ദേഹം സ്വയം രാജി വയ്ക്കാത്ത പക്ഷം പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുകയോ ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു. ബാര്‍ ഉടമകളില്‍ നിന്ന് മാണി നേരിട്ട് പണം വാങ്ങിയതിന് വ്യക്തമായ തെളിവു ലഭിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്ന് മുരളീധരന് പ്രസ്താവിച്ചു.
രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന മാണിയുടെ വാദം അംഗീകരിക്കാനാവില്ല. മാണി ഉള്‍പ്പടെ മറ്റുപലരും ബാര്‍ മുതലാളിമാരില്‍ നിന്ന് പണം പറ്റിയിട്ടുണ്ട്. പലരില്‍ നിന്നും പണം വാങ്ങിയ ശേഷം ഇപ്പോള്‍ മദ്യ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നതും അക്കാരണത്താലാണെന്ന് മുരളീധരന് പറഞ്ഞു.
മാണി പണം നേരിട്ടു വാങ്ങിയതിന് ദൃക്സാക്ഷികളുള്ളതിനാലാണ് വിജിലന്‍സിന് കേസെടുക്കേണ്ടിവന്നത്. ആരോപണം ഉയര്‍ന്നപ്പോഴും ബാര്‍ മുതലാളിമാര്‍ വിജിലന്‍സിന് തെളിവു നല്കിയപ്പോഴും കേസ് അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരുന്നത്. കുറച്ചെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രി മാണി രാജിവക്കുകയാണ് വേണ്ടത്. അഴിമതിക്കാരുടെ കൂടാരമായി മാറിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ഇനി അധികനാള്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: