തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. മെഡിക്കല്‍ കോളേജിനുവേണ്ടി സൗജന്യമായി വിട്ടുതന്ന സ്ഥലത്തിന്റെ നിയമപരമായ ക്ലിയറന്‍സ് ലഭിച്ചാല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
പിഡബ്ല്യൂഡി ഇതിനുവേണ്ടി 756 കോടിയുടെ ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയുടെ സ്പെഷ്യല്‍ ഓഫീസറായി ഡോ. ജിതേഷിനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബത്തേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പണിയുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ജില്ലയിലെ ആരോഗ്യമേഖലയിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് ഒരു ആരോഗ്യ പാക്കേജ് തയ്യാറാക്കുന്നതിന് ഹെല്‍ത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ അടിയന്തിരമായി നിയമനം നടത്തും.
പിഎസ്സിയില് നിന്നും അഡൈ്വസ് ചെയ്യുന്ന 27 അസിസ്റ്റന്റ് സര്ജന്മാരെ ഉടനെതന്നെ നിയമിക്കും. കൂടാതെ രണ്ട് 108 ആമ്പുലന്‍സുകള്‍ അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. വയനാടിന്റെ പിന്നാക്കാവസ്ഥയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ച് ശ്രീ ചിത്തിരതിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു സെന്റര്‍ വയനാട്ടില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: