ചേര്‍ത്തല: ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു, സിപിഎം ഏരിയ സമ്മേളനത്തില്‍ മത്സരം ഏതാണ്ട് ഉറപ്പായി, ആധിപത്യം ഉറപ്പിക്കാന്‍ ഇരു ഗ്രൂപ്പുകളും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത്. സമവായത്തിലൂടെ ഏരിയ കമ്മറ്റിയെ തെരെഞ്ഞെടുക്കാനാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ ഏരിയ കമ്മറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കമ്മറ്റി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചു തുടങ്ങി. നിലവിലെ ഏരിയ സെക്രട്ടറിയെ അനുകൂലിക്കുന്ന ഔദ്യോഗീക പക്ഷത്തിനാണ് കമ്മറ്റിയില്‍ മുന്‍തൂക്കം ഉള്ളത്. 26 അംഗങ്ങളുള്ള ഏരിയാകമ്മറ്റിയില്‍ 16 പേരും സാബുവിനോടൊപ്പമുണ്ട്. ജില്ലാ കമ്മറ്റിയംഗം കെ. പ്രസാദിനെ അനുകൂലിക്കുന്നവരാണ് ബാക്കിയുള്ളവര്‍. നിലവിലെ ഏരിയ കമ്മറ്റി യോഗം ചേര്‍ന്നാണ് പുതിയ പാനല്‍ തയ്യാറാക്കേണ്ടത്. നിലവിലെ കമ്മറ്റിയില്‍ നിന്ന് ഏഴുപേരെ ഒഴിവാക്കി 19 പേരടങ്ങിയ പുതിയ പാനലായിരിക്കും അവതരിപ്പിക്കപ്പെടുക.
കെ. പ്രസാദിനെ അനുകൂലിക്കുന്നവരെ പാനലില്‍ നിന്നൊഴിവാക്കാന്‍ ഒദ്യോഗിക പക്ഷം ശ്രമിച്ചാല്‍ മത്സരത്തിന് തയ്യാറാകുവാനാണ് ഇവരുടെ തീരുമാനം. സാബുവിനെതിരെ ജില്ലാ കമ്മറ്റിയംഗമായ എന്‍.ആര്. ബാബുരാജിനെ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ എതിര്‍പക്ഷം ആലോചന തുടങ്ങിയിട്ട് നാളുകളേറെയായി. ഔദ്യോഗികക്ഷം ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ ഇത്തരമൊരു മത്സരത്തിന് വേദിയൊരുങ്ങും. ബാബുരാജ് മത്സരിച്ചില്ലെങ്കില്‍ ഏരിയ കമ്മറ്റിയംഗം വി.എ. രാജന്, നഗരപരിധിയിലെ ലോക്കല്‍ സെക്രട്ടറി ഇവരിലാരെയെങ്കിലും ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് തെരെഞ്ഞെടുപ്പ് നടക്കുക. 37 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: