കുമരകം: മെത്രാന് കായല്‍ കാടുപിടിച്ച് കൃഷിചെയ്യാതെ കിടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നെല്‍കൃഷിയിലൂടെ പൊന്നുവിളയിച്ചിരുന്ന ഈ കായല്നീലം നാനൂറ്റന്പതേക്കറാണ്. കുമരകത്തെ ഭൂജന്മി കുടുംബങ്ങളില്‍പ്പെട്ട മൂന്നുനാലു കുടുംബങ്ങള്‍ കൃഷിചെയ്തിരുന്ന ഇടമാണ് മെത്രാന് കായല്‍. മെത്രാന്മാരുള്പ്പെടുന്ന കുടുംബക്കാരുടെ കൈവശമിരുന്നതിനാലാണ് ഈ കൃഷിയിടത്തിന് മെത്രാന് കായലെന്ന പേര് വീണത്. കൃഷിരാജാവായ മുരിക്കന്റെ രീതി പിന്തുടര്ന്ന് കായലിനു ചുറഅറും ചിറതീര്‍ത്ത് കായല്‍ നിലമാക്കിയതാണ് മെത്രാന്‍കായലും.
കുമരകത്ത് കായല്‍ ടൂറിസത്തിന് പ്രാമുഖ്യം വന്നതോടെ കായല്‍ നിലങ്ങള്‍ക്കും ഡിമാന്റു വര്‍ദ്ധിച്ചു. മെത്രാന് കായലിന്റെ ആദ്യ ഉടമകള്‍ ഇവ പലര്‍ക്കായി വിറ്റിരുന്നു. അവരില്‍ നിന്നും വേമ്പനാട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന നിലം കൈക്കലാക്കാന്‍ ഭൂമാഫിയ രംഗത്തെത്തി. ഇതില്‍ മന്ത്രിമാരുടെ ബിനാമികളും മുന്‍മന്ത്രിമാരുടെ പുത്രന്മാരും കണ്ടെയ്നര്‍ നോട്ടുമായി ബന്ധപ്പെട്ടവരും സിനിമാതാരങ്ങളും കള്ളപ്പണക്കാരും അന്യസംസ്ഥാന മന്ത്രിമാരുടെ ബിനാമികളും ഉള്‍പ്പെടും.
450 ഏക്കര്‍ വരുന്ന ഈ കായല്‍നിലം അവരില്‍ നിന്നും വന്‍തുക കൊടുത്തു കൈക്കലാക്കാന്‍ ഭൂമാഫിയ ഇടനിലക്കാരാക്കിയത് നാട്ടുകാരില്‍ ചിലരെ ബ്രോക്കര്മാരാക്കിയാണ്. ഇവര്‍ക്ക് വന്‍തുകകളാണ് ഭൂമാഫിയകളില് നിന്നും ലഭിച്ചത്. 450 ഏക്കറില്‍ കുറേനിലം കൃഷിക്കാരായ കുറേ കര്‍ഷകര്‍ ഭൂമാഫിയയ്ക്ക് വില്ക്കാന് തയ്യാറായില്ല. കര്‍ഷകര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തുക നല്കി നിലം കൈവശപ്പെടുത്തിയ ഭൂമാഫിയയ്ക്ക് കൃഷിയിലല്ലായിരുന്നു താത്പര്യം.
കോടികള്‍ മുടക്കി നിലംനികത്തി കായല്‍ ടൂറിസവുമായി ബന്ധപ്പെടുത്തി വന്പ്രോജക്ടുകളായിരുന്നു ഇവര്‍ വിഭാവനം ചെയ്തത്. കായല്‍ നിലങ്ങള്‍ നികത്താന്‍ പാടില്ലെന്ന നിയമം കര്‍ശനമാക്കിയതോടെ വമ്പന്മാര് വെട്ടിലാകുകയും കൃഷിയിടങ്ങള്‍ വില്ക്കാന് തയ്യാറാകാതിരുന്ന കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെയും വന്നു. ഇതോടെ നെല്‍കൃഷിയിലൂടെ പൊന്നുവിളയിച്ചിരുന്ന ഈ പാടശേഖരം തരിശായിത്തീര്‍ന്നു. കൃഷിഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയ കൃഷിചെയ്യാതെയും മറ്റു കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെയുമിരിക്കുന്ന സാഹചര്യത്തിന്റെ ഗൗരവം സര്‍ക്കാരും വകുപ്പും കാര്യമായെടുക്കുകയും തരിശുഭൂമി പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കണമെന്നുമുള്ള ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: