അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇനി പാല്‍പ്പായസത്തിന് പാല് വിലയ്ക്ക് വാങ്ങേണ്ടി വരില്ല. വേണ്ടത്ര പാല് കണ്ണന്റെ ഗോക്കള്‍ തന്നെ ചുരത്തും. ഇതിന് ആവശ്യമായ പശുക്കള്‍ അടുത്ത ദിവസം ഗോശാലയില്‍ എത്തും. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പുതിയതായി നിര്‍മ്മിച്ച ഗോശാലയിലേക്ക് അത്യുത്പ്പാദന ശേഷിയുള്ള 15 പശുക്കളെയാണ് വാങ്ങുന്നത്. ഇതിനുള്ള ചെലവ് ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസുവാണ് വഹിക്കുന്നത്. പശുക്കളെ കറക്കുന്നത് യന്ത്രം ഉപയോഗിച്ചാണ്. കൂടാതെ പശുക്കള്‍ക്ക് വെള്ളം നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്കും തീറ്റക്കുമുള്ള എസ്റ്റിമേറ്റ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചു കഴിഞ്ഞു. പശുക്കളെ വാങ്ങാനായി ദേവസ്വം ബോര്‍ഡ് അംഗം ഉള്‍പ്പെടെയുള്ള സംഘം തമിഴ്നാട്ടിലെ ഈറോഡിലേക്ക് യാത്ര തിരിച്ചു. നിന്ന് തിരിയാന്‍ പോലും സൗകര്യങ്ങളില്ലാതെ ദുരിതത്തിലായിരുന്ന പഴയ ഗോശാലയില്‍ നിന്നും പശുക്കളെ പുതിയ ഗോശാല പണിത് മാറ്റിയിരുന്നു.
ഇവിടെ കിടാങ്ങള്‍ ഉള്‍പ്പെടെ 14 പശുക്കളാണുള്ളത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് കറവ പശുക്കളായുള്ളത്. അതിനാല്‍ പാല്പായസത്തിനാവശ്യമായ പാല് പുറത്തുനിന്നുമാണ് വാങ്ങിയിരുന്നത്. ഒരു ദിവസം 150 മുതല്‍ 200 ലിറ്റര്‍ വരെ പാല് വേണ്ടിവരും. പുതിയ 15 പശുക്കളെ കൂടി വാങ്ങുമ്പോള്‍ പാല്പ്പായസത്തിനാവശ്യമായ പാല് ഉത്പ്പാദിപ്പിക്കാനാകും. ഇവയെ പാര്‍പ്പിക്കാനായി പുതിയതായി മറ്റൊരു തൊഴുത്തു കൂടി പണിതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: