ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തില്‍ ഈ മാസം 16ന് ആരംഭിക്കുന്ന ശ്രീരാമായണ മഹാസത്രത്തിന്റെ യജ്ഞവേദിയില്‍ പാരായണം ചെയ്യുവാനുള്ള മൂലഗ്രന്ഥവും യജ്ഞവേദിയില്‍ അഭിഷേകം ചെയ്യുവാന്‍ സരയുനദിയില്‍ നിന്ന് ശേഖരിച്ച തീര്‍ത്ഥജലവും കരപ്രതിനിധികള്‍ ഏറ്റുവാങ്ങി. ബുധനാഴ്ച രാവിലെ ശ്രീരാമദേവന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലെ രാമലീല ക്ഷേത്രത്തില്‍നിന്ന് മുഖ്യപുരോഹിതന്‍ സ്വാമി രാമദാസമഹാരാജില്നിന്നും മൂലഗ്രന്ഥം രാമായണസത്ര ഘോഷയാത്ര കണ്‍വീനര്‍ രാജേഷ്കുമാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് സരയുനദിയില്നിന്നുള്ള പുണ്യതീര്‍ത്ഥം പതിമൂന്ന് കരകളില്‍നിന്ന് എത്തിയ പ്രതിനിധികള്‍ക്ക് രാമക്ഷേത്രം പുരോഹിതന്മാരായ സ്വാമി വെങ്കിടേഷ് ആചാര്യ, സ്വാമി ശ്രീമാന്നാരായണാചാര്യ, ബ്രഹ്മചാരി ബാലഗോപാല്‍ ഉപാദ്ധ്യായ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
അയോദ്ധ്യയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ സന്യാസി ശ്രേഷ്ഠന്മാര്, ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പ്രതിനിധികള്‍, ഹൈന്ദവ സംഘടനകള്‍, മലയാളിസമാജം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചെട്ടികുളങ്ങരയില്‍നിന്ന് എത്തിയ കരനാഥന്മാരായ ശിവകുമാര്‍, ബിനുകുമാര്‍, നന്ദു, ധനേഷ്കുമാര്‍, ശ്രീകാന്ത്, സുരേഷ്, ഹരിദാസന്‍പിള്ള, അശോക് കുമാര്‍, ബിനു, രാജീവ്, രാജേഷ് എന്നിവര്‍ സരയുനദി തീരത്ത് ഗോപൂജയും അയോദ്ധ്യയില്‍ ശ്രീരാമാക്ഷേത്ര നിര്‍മ്മാണത്തിനായി കൃഷ്ണശിലയില്തീര്ത്ത ഒരു സ്തൂപവും ഒരു ദിവസത്തെ പൂജയും അന്നദാനവഴിപാടും നടത്തിയശേഷം ചെട്ടികുളങ്ങരയിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര ഡിസംബര്‍ 15ന് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ശേഷം മഹാഘോഷയാത്രയായി 16ന് ചെട്ടികുളങ്ങരയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: