ആലപ്പുഴ: ഭിന്ന ശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനും, മാനസിക വളര്‍ച്ചയും പകല്‍ പരിപാലനവും ഉദ്ദേശിച്ചു സ്ഥാപിച്ചിട്ടുള്ള ബഡ്സ് സ്കൂളുകളെ സംഘടിപ്പിച്ച് കുടുംബശ്രീ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലയില്‍ ഇത്തരത്തിലുള്ള ആറു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തമായി വളരെയധികം കഴിവുകള്‍ ഉള്ളവരാണ് ഇത്തരം കുട്ടികള്‍.
ചിത്രരചനയിലും, കലാരൂപങ്ങള്‍ തയ്യാറാക്കുന്നതിലും ഇവര്‍ക്ക് അനിതരസാധാരണമായ കഴിവുകളുണ്ട്. ഇത്തരം കഴിവുകള്‍ വരുമാന ദായകമാക്കി മാറ്റുന്നതിനും, അതുവഴി കുടുംബത്തിലെ വരുമാനം നേടുന്ന വ്യക്തി എന്ന മാനസിക, സാമൂഹ്യ തലങ്ങളിലേയ്ക്ക് ഇവരെ ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന് തയ്യാറാക്കിയിട്ടുള്ള പരിപാടിയാണ് ക്രിയേറ്റീവ് 2014. ഭിന്നശേഷിയുള്ള കുട്ടികളുടെ പെയിന്റിങ്, കലാരൂപങ്ങള്‍ എന്നിവ വില്പനയ്ക്ക് യോഗ്യമായ രീതിയില്‍ തയ്യാറാക്കുന്നതിനുള്ള ഒരു ക്യാമ്പും, തുടര്‍ന്ന് പ്രദര്‍ശനവും, വില്‍പ്പനയും ആലപ്പുഴ സൗത്ത് റോട്ടറി ക്ലബ് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്നു.
11ന് രാവിലെ 10ന് ജില്ലാ പോലീസ് സൂപ്രണ്ട് കെ.കെ. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യും. ക്യാമ്പിന് ചിക്കുസ് ശിവന് നേതൃത്വം നല്‍കും. ക്യാമ്പില്‍ തയ്യാറാക്കപ്പെടുന്ന ചിത്രങ്ങളുടെയും കലാരൂപങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും, 12ന് വൈകിട്ട് നാലു മുതല്‍ ഏഴു വരെ നടക്കും. വൈകിട്ട് അഞ്ചിന് സമ്മേളനം ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: