ആലപ്പുഴ: കുട്ടനാടിനു പിന്നാലെ കരിനില പ്രദേശങ്ങളിലും തീരമേഖലയിലും അര്‍ബുദരോഗം വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് വിവിധ പഠനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രോഗം വ്യാപകമാകുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ആലപ്പുഴ പാതിരപ്പള്ളി, കലവൂര്‍, മണ്ണഞ്ചേരി, കുട്ടനാട്ടിലെ കൈനകരി, നെടുമുടി മേഖലകളിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്.
കരിനിലങ്ങള്‍ ഏറെയുള്ള പുറക്കാട് പഞ്ചായത്തില്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പഠനത്തില്‍ ഏഴുവാര്ഡുകളിലായി 32 സ്ത്രീകളടക്കം 43 പേര്‍ക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയിരുന്നു. സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും സ്തനാര്ബുദമാണുള്ളത്. കുട്ടനാട്ടിലെ കായല്‍ മേഖലയില്‍ നേരത്തെ അര്‍ബുദബാധ ആശങ്ക സൃഷ്ടിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പാടശേഖരങ്ങളുള്ള വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന കൈനകരി ഗ്രാമത്തില്‍ 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അര്‍ബുദം ബാധിച്ച് 91 പേര് മരിച്ചതായി കണ്ടെത്തിയിരുന്നു.
പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗം ജലാശയങ്ങളെ വിഷമയമാക്കിയതാണ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമെന്ന് സൂചനയുണ്ട്. കരിനില മേഖലയില്‍ ഇത്രയേറെ പേരില്‍ രോഗം ക െണ്ടത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. കുട്ടനാടന്‍ പ്രദേശങ്ങളില്‍ പാടശേഖരങ്ങളില്‍ നി ന്നും പുറംതള്ളുന്ന വെള്ളം കീടനാശിനികളാല്‍ വിഷമയമായവയാണ്. കായംകുളം കായലിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ജില്ല യുടെ തീരമേഖലയിലും കാന്‍സര്‍ രോഗികളുടെ എണ്ണം ഏറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് 2005ല്‍ മുതുകുളം ബ്ലോക്കുപഞ്ചായത്ത് പഠനം നടത്തിയിരുന്നു.
എന്‍ടിപിസിയില്‍ നിന്നു പുറംതള്ളുന്ന മാലിന്യം കായംകുളം കായലില്‍ ലയിക്കുന്നത് ആരോഗ്യഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മുതുകുളം, ആറാട്ടുപുഴ, ചിങ്ങോലി, കല്ലൂര്‍ പ്രദേശങ്ങളില്‍ 20 കുടുംബങ്ങളില്‍ ഒരാള്‍ക്ക് എന്ന വിധത്തില്‍ കാന്‍സര്‍ രോഗികള്‍ ഉള്ളതായാണ് അനൗദ്യോഗിക പഠനങ്ങളില്‍ കണ്ടെത്തിയത്. കരിമണല്‍ ഏറെയുള്ള ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളില്‍ സൂര്യപ്രകാശം കരിമണലില്‍ തട്ടിയുണ്ടാകുന്ന പ്രതിഫലനം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണം കരിമണല്‍ ലോബിയുടെ സൃഷ്ടിയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: