പുന്നപ്ര: പുന്നപ്ര പോലീസ് ഉറക്കത്തില്‍; സ്റ്റേഷന് പരിധിയിലെ പ്രദേശങ്ങള്‍ മദ്യ-മയക്കുമരുന്നു മാഫിയയുടെ പിടിയില്‍. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലാണ് സാമൂഹ്യവിരുദ്ധര്‍ പ്രദേശം കൈയടക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചില ആളുകളുമായുള്ള പോലീസിന്റെ ബന്ധമാണ് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്.
കഴിഞ്ഞദിവസം വീട്ടമ്മയെ അക്രമിച്ച ശേഷം റെയില്‍വേ ക്രോസിലെ ജീവനക്കാരിയെ അക്രമിക്കാന്‍ തുനിഞ്ഞ സംഭവം നാട്ടുകാരില്‍ ഭീതിപരത്തിക്കഴിഞ്ഞു. എന്നാല്‍ ഈ സംഭവവും ഒതുക്കിത്തീര്ക്കുവാനാണ് പുന്നപ്ര പോലീസ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവത്തില്‍ പറവൂര്‍ അറയ്ക്കല്‍ റോഷനെ (19) മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് പാര്‍ട്ടി അനുഭാവികള്‍ കൂടിയായ പോലീസുകാര്‍ കേസെടുക്കാനോ മറ്റുള്ളവരെ പിടികൂടുവാനോ ശ്രമിക്കാതിരുന്നത്. പുന്നപ്ര ഫിഷിങ് ഹാര്‍ബര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് പരിസരം, വിയാനി പള്ളി പരിസരം, പുന്നപ്ര ചന്ത, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മയക്കുമരുന്നു സംഘങ്ങളും മദ്യവില്പനക്കാരും സജീവമാണ്. നിരവധി പീഡന കേസുകളും മോഷണങ്ങളും പ്രദേശത്ത് നടത്തിയിട്ടും പോലീസ് ഉറക്കം നടിക്കുന്നത് സാധാരണക്കാരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: