ചേര്‍ത്തല: ആയുര്‍വേദത്തോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുന്നു. യുവ ഡോക്ടര്‍മാര്‍ക്ക് ജോലി ലഭിക്കുന്നില്ല. ബിഎഎംഎസ് കോഴ്സ് കഴിഞ്ഞിറങ്ങിയ പതിനായിരങ്ങള്‍ മറ്റ് മേഖലകളിലേക്ക് തിരിയുന്നു. കേരളത്തിലെ വിവിധ ആയുര്‍വേദ കോളേജുകളില്‍ നിന്ന് വര്‍ഷം രണ്ടായിരം പേരും, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നാലായിരത്തോളം പേരുമാണ് ഓരോ വര്‍ഷവും കോഴ്സ് കഴിഞ്ഞിറങ്ങുന്നത്.
കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വര്‍ഷം പത്തില്‍ താഴെയും സ്വകാര്യമേഖലയില്‍ ഇത്രയും തന്നെയും ഒഴിവുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതില്‍ പകുതി നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. ബാക്കിയുള്ളവര്‍ നാട്ടില്‍ ജോലി ലഭിക്കാതെ കേരളം വിട്ടും, വിദേശത്തേക്കും മറ്റും തിരുമല്‍, ഉഴിച്ചില്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ തേടി പോകുകയാണ്. ഈ മേഖലയിലും ആവശ്യത്തിന് ഒഴിവുകളില്ല. ടൂറിസം മേഖല വളര്‍ന്നുവെങ്കിലും വിദേശികളെ ആയുര്‍വേദത്തിന്റെ ഗുണഫലങ്ങള്‍ മനസിലാക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തത് ആയുര്‍വേദത്തിന്റെ സ്വാധീനം കുറയ്ക്കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 29 ഒഴിവുകളുണ്ട്. എങ്കിലും ഇത് നികത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് പല ഡോക്ടര്‍മാരുടെയും ഭാവി തകര്‍ക്കുന്നു.
നിലവില്‍ മൂവായിരത്തില്‍പ്പരം ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടികയാണ് പിഎസ്സി പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്‍ആര്‍എച്ച്എം വഴി 2005ലും 2009ലും കുറച്ചുപേരെ നിയമിച്ചുവെങ്കിലും 2012 ല്‍ അപേക്ഷ ക്ഷണിച്ച് 2013 മെയ് മാസത്തില്‍ അഭിമുഖം നടത്തിയ അയ്യായിരത്തില്‍പ്പരം ഡോക്ടര്‍മാരില്‍ ഒരാളെ പോലും ഇതുവരെ നിയമിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം വിളിച്ച അലോപ്പതി, ഹോമിയോ ഡോക്ടര്‍മാരില്‍ പലര്‍ക്കും നിയമനം ലഭിച്ചുകഴിഞ്ഞു. എന്നിട്ടും ആയുര്‍വേദ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: