കായംകുളം: കൃഷ്ണപുരം സാംസ്കാരിക വിനോദകേന്ദ്രത്തിലെ ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ കേരളത്തിലെ പ്രമുഖ പത്ത് ശില്പ്പികളുടെ നേതൃത്വത്തില്‍ ശില്‍പ്പ നിര്‍മ്മാണം ആരംഭിച്ചു. സാംസ്കാരിക വകുപ്പും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചാരുത എന്ന ശില്‍പ്പകലാ ക്യാമ്പിന്റെ ഭാഗമായിട്ടാണ് ഇവിടെ ശില്പ്പങ്ങള് ഉയരുന്നത്. ഓണാട്ടുകരയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന പത്ത് ശില്‍പ്പങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നത്. 15 ദിവസം കൊണ്ടാണ് പ്രതിമകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ഏകദേശം ഒന്‍പത് അടി ഉയരത്തിലാണ് ഓരോ പ്രതിമയും നിര്‍മ്മിക്കുന്നത്.
സംസ്ഥാന അവാര്‍ഡ് ജേതാക്കളായ അജയന്. വി. കാട്ടൂങ്ങല്, സി.എസ്. ബിജു, എ. ഗുരുപ്രസാദ്, വി.കെ. ജയന്, എം.കെ. ജോണ്സണ്, വി.കെ. റോബര്‍ട്ട്, രാജന് അരിയല്ലൂര്‍, രതീഷ്കുമാര്‍. കെ.ആര്, വി.സതീശന്, സുഭാഷ് വിശ്വനാഥന് എന്നവരാണ് ശില്പ്പങ്ങള് നിര്‍മ്മിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ശില്‍പ്പി പ്രൊഫ. കേശവന്‍കുട്ടി നിര്‍വ്വഹിച്ചു. സി.കെ.സദാശിവന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ശില്‍പ്പ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങള്‍ കാണുന്നതിനും മനസിലാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: