ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം നടന്നെന്ന വ്യാജ സന്ദേശം നല്കി അഗ്നിശമന സേനയെ കബളിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 11.30ന് ചെങ്ങന്നൂര്‍ അഗ്നിശമന സ്റ്റേഷന് ഓഫീസിലേക്ക് 9447345592 എന്ന നമ്പരില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്.
101 നമ്പരിലേക്ക് ഡയല് ചെയ്തതിനാല്‍ സീതത്തോട് അഗ്നിശമന സ്റ്റേഷന് ഓഫീസില്‍ നിന്നും കൈമാറിയാണ് സന്ദേശം ചെങ്ങന്നൂരില്‍ എത്തിയത്. ആറന്മുള ഐക്കരേത്ത് ജങ്ഷനില്‍ നടന്ന അപകടത്തില്‍ കാര്‍ യാത്രക്കാര്‍ വാഹനത്തില്‍ കുടുങ്ങിയിരിക്കുന്നു എന്നാണ് ഫോണിലൂടെ ലഭിച്ചത്. ഈ നമ്പരില്‍ തിരികെ വിളിച്ച് അപകടം ഉറപ്പിച്ച ശേഷം ചെങ്ങന്നൂരില്‍ നിന്നും ഒരു ഫയര്‍ എന്‍ജിനും ആംബുലന്‍സും ആറന്മുളയില് എത്തി. എന്നാല്‍ ഇവിടെ അപകടം നടന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആറന്മുള പോലീസ് സ്റ്റേഷനില്‍ തിരക്കിയെങ്കിലും അവര്‍ക്കും അപകട വിവരം അറിയില്ല. തുടര്‍ന്ന് ഫോണ്‍ കോള്‍ വന്ന നമ്പരിലേക്ക് തിരികെ വിളിച്ചപ്പോഴും ഇയാള്‍ അപകട വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ നേരിട്ട് എത്തി സംസാരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കബളിപ്പിച്ചതാണെന്നും ആറന്മുള തിരുവിളക്കാലായില് ഏബ്രഹാം ജേക്കബ് എന്നയാളാണ് വിളിച്ചതെന്ന് മനസ്സിലായി. ഇയാള്‍ക്കെതിരെ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: