ആലപ്പുഴ: കച്ചവടക്കാര്‍ക്ക് അധികൃതര്‍ തീറെഴുതി നല്കിയ റോഡുകളും വഴിവാണിഭക്കാര്‍ വില്‍പ്പന നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. കൂടാതെ റോഡ് വാടകയ്ക്ക് നല്‍കുന്നവരും ഏറെയാണ്. റോഡ് കൈയേറി കച്ചവടം നടത്തിയ ശേഷം പ്രധാനപ്പെട്ട മേഖലകളിലും കൂടുതല്‍ കച്ചവടം നടക്കുന്ന ഇടങ്ങളിലും കച്ചവട സ്ഥലം പതിനായിരക്കണക്കിന് രൂപയ്ക്ക് മറിച്ചുവില്‍ക്കുന്നത് പതിവായിരിക്കുകയാണ്.
ജനം കൂടുതലായി എത്തുന്ന സ്ഥലമനുസരിച്ച് ഡിമാന്റും കൂടും. ഏതാനും മീറ്റര്‍ റോഡ് വില്‍പ്പന നടത്തിയാണ് ഇക്കൂട്ടര്‍ പതിനായിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നത്. ഇതുകൂടാതെ റോഡ് ഓരോ ദിവസത്തേക്ക് വാടകയ്ക്ക് നല്കി പണം നേടുന്നവരുമുണ്ട്. റോഡ് കൈയേറി തട്ടുകള്‍ സ്ഥാപിച്ചോ വണ്ടികളോ ഇട്ട ശേഷം ഇവിടം ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുകയാണ് പതിവ്. ഓരോ പ്രദേശത്തിന്റെയും ഡിമാന്റ് അനുസരിച്ച് ആയിരങ്ങള്‍ വരെയാണ് ദിവസവാടക.
ചുരുക്കത്തില്‍ ഒരു രൂപ പോലും മുതല്‍ മുടക്കില്ലാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നഗരത്തിലെ റോഡുകള്‍ വില്‍പ്പന നടത്തിയും വാടകയ്ക്ക് നല്‍കിയും ഒരുവിഭാഗം വന്‍ നേട്ടമുണ്ടാകുമ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് നഗരസഭയും ജില്ലാ ഭരണകൂടവും. ഇതിനു ഒത്താശ ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമുണ്ട്. സ്കൂള്‍ കുട്ടികള്‍ പോലും നടുറോഡിലൂടെയും വാഹനങ്ങള്‍ക്കിടയിലൂടെയും അതിസാഹസികമായി സഞ്ചരിക്കേണ്ട ഗതികേടുള്ളപ്പോഴാണ് റോഡുകളുടെ വില്‍പ്പന നടക്കുന്നതെന്നാണ് വസ്തുത.
റോഡ് നികുതി അടയ്ക്കുന്ന വാഹനങ്ങള്‍ റോഡുകളുടെ അരികില്‍ പോലും പാര്‍ക്ക് ചെയ്താല്‍ പിഴ ഈടാക്കുന്ന അധികൃതരും യാതൊരു നികുതിയും അടയ്ക്കാതെ റോഡ് കൈയേറി കച്ചവടത്തിനായി പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്ന വാഹനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: