എടത്വ: എടത്വ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. നേരത്തെയും സമരം നടത്തിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ഉപരോധ സമരത്തിനെത്തിയത്.
വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ ജനങ്ങളെ മറന്നു സ്വജനപക്ഷപാതം കാട്ടുകയാണെന്നും ആരോപണമുണ്ട്. രാവിലെ 10ന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് ഒന്നരവരെ നീണ്ടുനിന്നു. കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണമെന്നു എടത്വ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാറും എടത്വ എസ്ഐ: നന്ദഗോപാലും ചര്‍ച്ച നടത്തി ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
ചൊവ്വാഴ്ച മുതല്‍ ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ ധാരണയായി. ആര്‍ഒ പ്ലാന്റിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കോളനിയിലേക്ക് പൈപ്പ് ലൈന്‍ അടിയന്തരമായി വലിക്കുമെന്നും ഉറപ്പുനല്‍കി. നേരത്തെ പാണ്ടങ്കരി പാലപറമ്പ് കോളനിയിലേക്ക് അനുവദിച്ച പൈപ്പ് ലൈന്‍ വാര്‍ഡ് മെമ്പറുടെ വീടിന്റെ പരിസരത്തേക്ക് മാറ്റിയത് വിവാദമായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യെയാണ് നാട്ടുകാര്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: