ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മിഷന് അദാലത്തില്‍ 47 കേസുകള്‍ തീര്‍പ്പാക്കിയതായി കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി. കമ്മീഷനു മുന്പില് എത്തിയ കേസുകളില്‍ 26 എണ്ണം പോലീസ് റിപ്പോര്‍ട്ടിനും അഞ്ചെണ്ണം ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിനും അയച്ചു. പരാതിക്കാരില്‍ ഇരുകക്ഷികളും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് 28 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
കുടുംബപ്രശ്നങ്ങളാണ് പരിഗണിച്ച കേസുകളില്‍ അധികവും. അതിര്‍ത്തി തര്‍ക്കം, ഭൂമി കൈയേറ്റം, ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ ശല്യം ചെയ്യല്‍ തുടങ്ങിയ കേസുകള്‍ കമ്മിഷനു മുന്നിലെത്തി. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന വിധത്തിലുള്ള കേസുകളും ലഭിക്കുന്നുണ്ടെന്നും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായമെത്തിക്കാന്‍ പരമാവധി ശ്രമിച്ചുവരുന്ന വനിതാ കമ്മിഷന് ഇത്തരത്തിലുള്ള വ്യാജപരാതികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായും കമ്മിഷനംഗം പറഞ്ഞു.
അദാലത്തില്‍ ആകെ 115 കേസുകളാണ് പരിഗണനയ്ക്ക് എത്തിയത്. പല പരാതികളിലും പരാതിക്കാരുടെയും ബന്ധപ്പെട്ട കക്ഷികളുടെയും പൂര്‍ണമായ വിലാസമില്ലാത്തത് കമ്മിഷന് അസൗകര്യം സൃഷ്ടിക്കുന്നതായും കമ്മിഷനംഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: