കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഐഎസ്എല്ലിലെ അവസാന അങ്കം. എതിരാളികള്‍ പൂനെ സിറ്റി എഫ്സി. പോരാട്ടം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ പോരാട്ടമാണിന്ന്. ഇന്നത്തെ കളിയില്‍ പൂനെ എഫ്സിയെ പരാജയപ്പെടുത്തിയാല്‍ മാത്രം പോരാ, ചെന്നൈയിന് എഫ്സി ദല്‍ഹി ഡൈനാമോസിനെ തോല്‍പ്പിക്കുകയോ സമനിലയില്‍ തളയ്ക്കുകയോ വേണം. എന്നാലേ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷ പൂവണിയുകയുള്ളൂ. ഇന്ന് ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ദല്‍ഹി ജയിക്കാതിരിക്കുകയും ചെയ്താല്‍ ഏറെ പ്രതീക്ഷക്ക് വകയുണ്ട്.
മറിച്ച് ഇന്ന് ജയിച്ചാല്‍ ദല്‍ഹി 20 പോയിന്റോടെ സെമിയിലെത്തും. എന്നാല്‍ മത്സരം സമനിലയിലെത്തുകയോ ദല്‍ഹി തോല്‍ക്കുകയോ ചെയ്യുകയും ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം.
ചെന്നൈയുടെ എവേ മത്സരത്തില്‍ ദല്‍ഹിയോട് 4-1ന് തകര്‍ന്നിരുന്നു. നിലവില്‍ 13 കളികള്‍ പൂര്‍ത്തിയാക്കി 22 പോയിന്റുമായി ചെന്നൈയിന് എഫ്സിയാണ് മുന്നില്‍ 13 കളികളില്‍ നിന്ന് 21 പോയിന്റുമായി ഗോവ രണ്ടാമതും 18 പോയിന്റുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമാണ്. 17 പോയിന്റുമായി ദല്‍ഹി ഡൈനാമോസ് നാലാം സ്ഥാനത്താണ്. 13 കളികളില്‍ നിന്ന് 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. പൂനെ സിറ്റി 13 കളികളില്‍ നിന്ന് 16 പോയിന്റുമായി ആറാം സ്ഥാനത്തുമാണ്. നോര്‍ത്ത് ഈസ്റ്റ് (13 കളികളില്‍ നിന്ന് 14 പോയിന്റ്) മുംബൈ (13 കളികളില്‍ നിന്ന് 15 പോയിന്റ്) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ സ്ഥിതി.
ഗോളടിക്കാന്‍ ആളെ കിട്ടാതെ വലയുന്ന കേരളത്തിന്റെ കൊമ്പന്മാര്ക്ക് നേരെ ചൊവ്വെ കളിച്ചിരുന്നെങ്കില്‍ ഭാഗ്യത്തിന്റെ നൂലിഴയില്‍ നില്‍ക്കേണ്ടി വരില്ലായിരുന്നു. എല്ലാ ടീമുകള്‍ക്കും ഓരോ മത്സരം മാത്രം അവശേഷിക്കെ സെമി ബെര്‍ത്ത് ഉറപ്പിക്കാനായത് ചെന്നൈയിന്, ഗോവാ ടീമുകള്‍ക്ക് മാത്രമാണ്. നിലവില്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ കളികളിലെല്ലാം ഫിനിഷിംഗിലെ പോരായ്മ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. മധ്യനിരയും പ്രതിരോധ നിരയും നന്നായി കളിച്ചിട്ടും ഗോളടിക്കാന്‍ ആളില്ലാത്താണ് കേരളത്തെ ഇത്ര പ്രതിസന്ധിയിലാക്കിയത്. ഹ്യൂമും സബീത്തും പെഡ്രോ ഗുസ്മാവോയും മിറാലസ് ഗൊണ്‍സാല്‍വസും ഉള്‍പ്പെടുന്ന സ്ട്രൈക്കര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. നിര്‍ണ്ണായക മത്സരത്തില്‍ ടീം ഉണര്‍ന്നു കളിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജരും ഗോള്‍കീപ്പറുമായ ഡേവിഡ് ജയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: