ആലപ്പുഴ: ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി പ്രകാരം ഈ സാമ്പത്തികവര്‍ഷം സപ്തംബര്‍ 30 വരെ 88,222 പേര്‍ക്ക് തൊഴില്‍ നല്കി. തൊഴിലാളികള്‍ക്കു വേതനമായി 6,158.21 ലക്ഷം രൂപ നല്കി. പദ്ധതി തുടങ്ങിയതിനു ശേഷം ഇതേവരെ 2,33,769 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 2,32,606 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ആകെ നല്കിയ കാര്‍ഡുകളില്‍ 25,391 എണ്ണം പട്ടികജാതി കുടുംബങ്ങള്‍ക്കും 543 എണ്ണം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമാണ്. 9,245 പട്ടികജാതി കുടുംബങ്ങള്‍ക്കും 158 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തൊഴില്‍ നല്കി.
ജില്ലയില്‍ ഈ സാമ്പത്തികവര്‍ഷം സപ്തംബര്‍ 30 വരെ 10,63,496 തൊഴില്‍ ദിനങ്ങളാണ് പദ്ധതി പ്രകാരം സൃഷ്ടിച്ചത്. ഏറ്റെടുത്ത 2,349 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 364 പരമ്പരാഗത ജലസ്രോതസുകള്‍ സംരക്ഷിക്കുകയും 312 ഭൂവികസനപ്രവൃത്തികള് വാച്ചാലുകള്‍ ഉള്‍പ്പെടെ 14 ചെറുകിട ജലസേചനപദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. 181 മഴവെള്ള സംരക്ഷണ പദ്ധതികള്‍, 85 വൃക്ഷത്തൈ നട്ടുവളര്‍ത്തല്‍ പദ്ധതികള്‍ തുടങ്ങിയവയും നടപ്പാക്കി. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനായി ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: