കടവന്ത്ര: നാലര ഏക്കറോളം വരുന്ന പനമ്പിള്ളിനഗറിലെ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലാക്കി വികസനത്തിന്റെ പേരുപറഞ്ഞ് പകുതിയോളം സ്ഥലത്ത് ഷോപ്പിംഗ് മാളുകളും മറ്റും പണിയാന്‍ നീക്കം നടക്കുന്നു.
ഇതിന് സ്ഥലം കൗണ്‍സിലര്‍ സുജ റോയിയും കൊച്ചിന് കോര്‍പ്പറേഷനും ഒത്താശ ചെയ്യുന്നു. കൊച്ചിന് കോര്‍പ്പറേഷന്റെ അവഗണന നിമിത്തം കുട്ടികള്‍ കുറഞ്ഞ് പൂട്ടിപ്പോകേണ്ട അവസ്ഥയിലായിരുന്നു ഈ സ്കൂള്‍.
ബിജെപി കടവന്ത്ര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിയ സമരങ്ങള്ക്കവസാനം ഇത്തവണ ഈ സ്കൂള്‍ ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.
തങ്ങളറിയാതെ ഈ സ്കൂളിന് ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ സ്കൂളിലേക്ക് വരികപോലും ചെയ്യാതെയായി. പുതിയ ഹയര്സെക്കന്ററിക്കുവേണ്ടി അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ കോര്പ്പറേഷന് അധികാരികളും വികസന പ്രക്രിയയില്‍നിന്നും വിട്ടുനിന്നു. സ്കൂളിന്റെ പ്രവേശനോത്സവത്തിന് വരാമെന്നേറ്റ സ്ഥലം എംഎല്‍എ, കോര്പ്പറേഷന് മേയര്‍ എന്നിവര്‍ കൗണ്‍സിലറോടൊപ്പം ചടങ്ങ് ബഹിഷ്കരിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിഞ്ഞ ഈ സ്കൂളിന്റെ ഗതിയറിഞ്ഞ് പനമ്പിള്ളിനഗറിലെ ഒരു സഹകരണ സ്ഥാപനം 16 കമ്പ്യൂട്ടറുകള്‍ സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി. ഈ ചടങ്ങുകളും ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു.
എന്നാല്‍ തൊട്ടടുത്ത സ്വകാര്യ സ്കൂളിന്റെ പ്രവേശനോത്സവത്തിന് മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ ജനപ്രതിനിധികള്‍ പങ്കെടുത്തിരുന്നു. എംഎല്‍എയുടെ അഭാവത്തില്‍ കമ്പ്യൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്ത സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന് 20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത് ഏവരേയും അത്ഭുതപ്പെടുത്തി.
ഗവണ്മെന്റിന്റെ അധീതയിലുള്ള ഈ സ്കൂളിന് സ്പോര്‍ട്സിന്റെ പേരില്‍ വികസനങ്ങള്‍ നടത്താന്‍ സ്പോര്‍ട്സ് കൗണ്‍സിലിന് എന്തധികാരമെന്ന് ഹയര്സെക്കന്ററിക്കായുള്ള ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സി. സതീശന് ചോദിച്ചു. ഈ സ്കൂളിനെ സംരക്ഷിക്കാതെ തട്ടിയെടുക്കാനാണ് ശ്രമമെങ്കില്‍ സ്പോര്‍ട്സ് കൗണ്‍സിലിനെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷം സയന്‍സ് ബാച്ച് ഉള്‍പ്പെടെ അനുവദിക്കുകയും അതിനുവേണ്ട അനുബന്ധ സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ട് സേവ് പനമ്പിള്ളിനഗര്‍ സ്കൂള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു രണ്ടാം സമരത്തിന് ബിജെപി തയ്യാറാകുമെന്നും സി. സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: