ചേര്‍ത്തല: മണ്ണില്‍ പൊന്നുവിളയിച്ച് യുവകര്ഷകന് മാതൃകയായി. പറയകാട് കണ്ടത്തില്‍ മധുസൂദനനാണ് തരിശു കിടന്ന 32 ഏക്കര്‍ പാടശേഖരത്തില്‍ കൃഷിയിറക്കി നൂറുമേനി കൊയ്യുന്നത്. തുറവൂര്‍ വടക്കേ പുത്തന്‍കാട് പാടശേഖരത്തിന്റെ പരിധിയിലുള്ള നിലത്തില്‍ ചെയ്ത കൃഷിക്ക് നല്ല വിളവ് ലഭിച്ചു. നെല്‍കൃഷി നടത്തുന്നതിന് ചെറുകിട കര്‍ഷകര്‍ മടിച്ചുനിന്നപ്പോള്‍ മുഴുവന്‍ പാടശേഖരത്തും നെല്‍കൃഷി നടത്താന്‍ തയ്യാറാണെന്ന് മധുസൂദനന് കര്ഷകസമിതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കര്‍ഷകസമിതി പാടശേഖരം പാട്ടത്തിന് നല്‍കുകയായിരുന്നു. കൃഷി ഭവനില്‍ നിന്നും ലഭിച്ച ഉമ നെല്‍വിത്താണ് കൃഷിയിറക്കിയത്.
എന്നാല്‍ നിലമൊരുക്കുന്നതിനും വിത്ത് വിതയ്ക്കുന്നതിനും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതിരുന്നതോടെ നെല്‍കൃഷി തടസപ്പെടുമെന്ന ഘട്ടം വരെയെത്തി. പിന്നീട് കുട്ടനാട്ടു നിന്നും തൊഴിലാളികളെ കൊണ്ടുവന്നാണ് നിലമൊരുക്കി വിത്തുവിതച്ചത്. അഞ്ഞൂറ് തൊഴില്ദിനങ്ങളിലൂടെയാണ് നെല്‍കൃഷി വിളവെടുപ്പിന് പാകമായത്. വിത്തുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ചു. നെല്ല് കൊയ്തെടുക്കാന്‍ ആളെ കിട്ടാതായതോടെ കൊയ്ത്തു യന്ത്രങ്ങള്‍ കൊണ്ടുവന്നാണ് വിളവെടുപ്പ് നടത്തുന്നത്. കൃഷിപ്പണി നേരത്തെ മുതല്‍ ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയരീതിയില്‍ കൃഷിയിറക്കുന്നത് ആദ്യമായാണെന്ന് മധുസൂദനന് പറയുന്നു. പൊതുപ്രവര്‍ത്തകന്‍കൂടിയായ മധുസൂദനന് നിലവില്‍ ബിജെപി അരൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: