കുമരകം: കുമരകം മേഖലയില്‍ നിലങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് വ്യാപകമാകുന്നു. ഞായറാഴ്കളിലും അവധി ദിനങ്ങളിലുമാണ് നികത്തല്‍ കൂടുതലും നടക്കുന്നത്. ഇന്നലെ ചൂളഭാഗം റോഡു തുടങ്ങുന്ന മതില്‍ക്കെട്ടിനുള്ളിലെ തണ്ണീര്‍ത്തടങ്ങളും നികത്തപ്പെട്ടു. കുമരകം ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറ് ഒരു വില്ലിന്റെ രൂപത്തില്‍ ആറു കിലോമീറ്റര്‍ വളഞ്ഞുകിടക്കുന്ന പ്രകൃതിദൃശ്യം ഒരുകാലത്ത് അതിമനോഹരമായ കാഴ്ചയായിരുന്നു. ഈ ആറുകിലോമീറ്റര്‍ കായലോരത്തോടു ചേര്‍ന്ന് ഭൂരിഭാഗവും നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും തെങ്ങിന്‍തോപ്പുകളും കൊണ്ട് സമ്പന്നമായിരുന്നു.
ഈ ആറുകിലോമീറ്റര്‍ കായല്‍തീരങ്ങളും നിയമങ്ങളെ കാറ്റില്‍പ്പറത്തി നികത്തുകയും അവിടെ വമ്പന്മാര് നക്ഷത്ര പദവിയുള്ളതും അല്ലാത്തതുമായ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തുകയും ചെയ്തു. ഇതിപ്പോഴും നിര്‍ബാധം തുടരുകയാണ്.
ചെങ്ങളം മുതല്‍ ആറ്റാമംഗലം പള്ളി വരെ പാടശേഖരങ്ങളുടെ പലഭാഗങ്ങളും നികത്തപ്പെടുകയും കച്ചവടസ്ഥാപനങ്ങളും വീടുകളും അവിടെയെല്ലാം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ഇപ്പോഴും ഈ ഭാഗങ്ങളില്‍ നിലം നികത്തല്‍ തുടരുന്നു. ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒത്താശ കിട്ടിയില്ലെങ്കില്‍ നടക്കുമായിരുന്നില്ല.
ടൂറിസ്റ്റു കേന്ദ്രമായ കുമരകത്തെ സംബന്ധിച്ചിടത്തോളെ പലവര്‍ണങ്ങളിലുള്ള ആമ്പല്‍പ്പൂക്കളും താമരപ്പൂക്കളും വിരിഞ്ഞുനില്ക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കും പച്ചവിരിച്ച വയലേലകള്ക്കുമൊക്കെ പ്രാമുഖ്യവും പ്രകൃതി സന്തുലിതാവസ്ഥയുമുണ്ടെന്ന കാര്യം നികത്തുന്നവരും അതിന് അനുവാദം നല്കുന്ന അധികൃതരും ഓര്‍ക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഈ ദേവഭൂമി കലാന്തരത്തില്‍ കോണ്‍ക്രീറ്റ് വനങ്ങളായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: