ആലക്കോട്: ഡിസംബര്‍ 1 ന് പയ്യന്നൂരില്‍ നടന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് നടന്ന ബിജെപി ജനശക്തി റാലിയില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വാഹനത്തിന് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
1 ന് രാത്രി 9 മണിയോടെ തളിപ്പറമ്പ്-ആലക്കോട് പാതയില്‍ മടക്കാട്ട് വെച്ച് സിപിഎം ക്രിമിനല്‍ സംഘം നടത്തിയ കല്ലേറില്‍ പരിക്കേറ്റ മണക്കടവ് ചീക്കാട്ടെ കെ.കെ.രാജനാണ്(52) മംഗലാപുരം കെഎംസി ആശുപത്രിയില്‍ കഴിയുന്നത്. തലക്കേറ്റ കല്ലേറില്‍ തലച്ചോറ് ചിതറിപ്പോയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലും മംഗലാപുരത്തും രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
അക്രമികളെ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമിക്കപ്പെട്ട രാജന് ജിവനോട് മല്ലടിക്കുമ്പോഴും പ്രതികള്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. നടപടിയെടുക്കേണ്ട പോലീസ് ആകട്ടെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് രാജന്. ചീക്കാട് മേഖലയില്‍ ബിജെപിയുടെ പ്രധാന പ്രവര്ത്തകരിലൊരാളുകൂടിയാണ് ഇദ്ദേഹം. സിപിഎം അക്രമികളായ കരിമ്പന്‍ വിനോദ്, രമേശന് എന്നിവരടങ്ങുന്ന സംഘമാണ് ഈ വഴി പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയത്.
പടപ്പേങ്ങാട്, മടക്കാട്, ആലക്കോട്, മണക്കടവ് മേഖലകളില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകരാണ് പയ്യന്നൂരില്‍ ബിജെപി ജനശക്തിറാലിക്കെത്തിയത്. കാവുമ്പായി സമരസേനാനി സഖാവ് എംസിആറിന്റെ മകള്‍ അടക്കം സമ്മേളനത്തിനെത്തിയിരുന്നു. ഇരിക്കൂറിലെ മാര്‍ക്സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നുമുള്ള യുവാക്കളുടെ ഒഴുക്ക് സിപിഎമ്മിന്റെ അടിത്തറയിളക്കിയിട്ടുണ്ട്.
അക്രമിച്ചതും പോര വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ദരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം ഈ മേഖലയില്‍. തങ്ങളുടെ പ്രചരണ ബോര്‍ഡുകളും മറ്റും നശിപ്പിക്കുന്നതിനിടയിലാണ് രാജന് പരിക്കേറ്റത് എന്ന തരത്തിലുള്ള പ്രചരണമാണ് ഈ മേഖലയില്‍ സിപിഎം അഴിച്ചു വിടുന്നത്. പരിക്കേറ്റ രാജന്റെ വീട്ടിലും മംഗലാപുരത്തെ ആശുപത്രിയിലും സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്, മറ്റ് നേതാക്കളായ ബാലകൃഷ്ണന് പടപ്പേങ്ങാട്, ആനിയമ്മ രാജേന്ദ്രന്, കെ.ആര്.രാജേന്ദ്രന് മാസ്റ്റര്‍, കെ.ജെ.മാത്യു, കെ.ഡി.മുരളി എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: