പന്തളം : എംഎം ജംഗ്ഷന് സമീപം കംപ്യൂട്ടര്‍ സ്ഥാപനം തീപിടിച്ച് പൊട്ടിത്തെറിച്ച് വ്യാപകനാശം. തീപിടിത്തം മൂലമുണ്ടായ ചൂടും പുകയും കാരണം സമീപമുളള മറ്റ് മൂന്ന് കടകള്‍ക്കും നാശമുണ്ടായി.
കുരമ്പാല ഉടയാന്റെ കിഴക്കേതില്‍ വിജയാ സദനത്തില്‍ അജിത്തിന്റെ എംസി റോഡില്‍ എംഎം ജംഗ്ഷനു സമീപമുളള നോര്‍ടെക് എന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിലാണ് ഇന്നലെ രാവിലെ 11ന് തീപിടുത്തമുണ്ടായത്. ഈ കടയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന വിജയന്, ആര് മധുസൂദനക്കുറുപ്പ് എന്നിവരുടെ ആധാരമെഴുത്ത് സ്ഥാപനങ്ങള്‍ക്കും, സുരേഷിന്റെ ഉടമസ്ഥതയിലുളളഎസ്എന് കണ്‍സല്‍ട്ടന്‍സി എന്ന സ്ഥാപനത്തിനുമാണ് അപകടത്തേത്തുടര്‍ന്ന് മറ്റ് നാശങ്ങള് ഉണ്ടായത്.
കാരയ്ക്കാട് പ്ലാവുനില്‍ക്കുന്നതില്‍ കിഴക്കേതില്‍ ഗോപാലകൃഷ്ണപിളളയുടെ നാലുമുറി കടകളുളള കെട്ടിടത്തിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. കംപ്യൂട്ടര്‍ കടയ്ക്കുളളില്‍ നിന്ന് പുക ഉയരുന്നത് കണ്ട കടയുടമ അജിത്ത് പുറത്തേക്കിറങ്ങി ഓടി. തൊട്ടു പിന്നാലെ മുന്നില്‍ ഗ്ലാസ്സിട്ടിരുന്ന ഈ കട പുറത്തേക്ക് പൊട്ടിത്തെറിക്കുകയും തീയാളിപ്പിടിക്കുകയും ചെയ്തു. പുറത്തേക്കോടിയതിനാലാണ് അജിത്തിന്റെ ജീവന് രക്ഷപെട്ടത്. എന്നാല്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ അജിത്തിനെ പന്തളം മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തിയ സമയത്ത് വലിയ ശബ്ദത്തോടെ കംപ്യൂട്ടര്‍ കടയുടെ മുന്നില്‍ ഇട്ടിരുന്ന ഗ്ലാസ്സ് എംസി റോഡിലേക്ക് പൊട്ടിത്തെറിച്ച് വീണു. ഈ സമയം എംസി റോഡിലൂടെ വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. നാട്ടുകാരും സമീപത്തെ കടക്കാരും ഉടന്‍ തന്നെ രക്ഷാപ്രവര്ത്തനത്തിന്രംഗത്തിറങ്ങി. ഫയര്‍ഫോഴ്സും പോലീസും പിന്നാലെയെത്തി. തീപിടിച്ച കടയുടെ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ആധാരമെഴുത്ത് കടകളില്‍ നിന്നും കണ്സല്ട്ടന്സിയില് നിന്നും ആളുകളെ പുറത്തിറക്കിയ ശേഷം ഈ സ്ഥാപനങ്ങളുടെ വാതിലുകളും ഗ്ലാസ്സുകളും തകര്‍ത്ത് ഇവിടെയുണ്ടായിരുന്ന സാധനങ്ങളും ഉപകരണങ്ങളും പുറത്തേക്ക് മാറ്റിയതിനാല്‍ ഇവിടേക്ക് തീപടര്‍ന്നില്ല.
എന്നാല്‍ ആധാരമെഴുത്ത് കടകളിലെ കംപ്യൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചില പ്രമാണങ്ങള്‍ അടക്കമുളള രേഖകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തു. രണ്ട് കടകളിലേയും പല സാധനങ്ങളും പെട്ടന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നശിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ കടയിലെ കംപ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും ഉരുകുകയും കത്തി നശിക്കുകയും ചെയ്തു. കംപ്യൂട്ടറിന്റെ വില്പനയും സര്‍വ്വീസിംഗും ഉളള കടയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ, യുപിഎസോ ബാറ്ററിയോ പൊട്ടിത്തെറിച്ചതോ ആണോ അപകടകാരണമെന്ന് സംശയിക്കുന്നു. കംപ്യൂട്ടറിന്റെ കൂടുതല്‍ ശേഖരം ഉണ്ടായതിനാല്‍ 70 ലക്ഷത്തോളം നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നതായി കടയുടമ അജിത്ത് പറഞ്ഞു.
കംപ്യൂട്ടര്‍ കടയ്ക്ക് ഇന്‍ഷ്വറന്‍സ് എടുത്തിട്ടുണ്ടെന്നും ഉടമ പറഞ്ഞു. എന്നാല്‍ കെട്ടിടത്തിന് ഇന്‍ഷ്വറന്‍സ് ഇല്ലന്ന് കെട്ടിട ഉടമ ഗോപാലകൃഷ്ണപിളള പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ സേവനത്തിനെത്തിയിരുന്ന സ്പെഷ്യല്‍ ആപ്പീസര്‍ വിജയന്റെ നേതൃത്വത്തിലുളള പ്രത്യേക ഫയര്‍ഫോഴ്സ് സംഘവും, അടൂരില്‍ നിന്ന് സ്റ്റേഷന് ആപ്പീസര്‍ ജോസഫിന്റെ നേതൃത്വത്തിലുളള ഫയര്‍ഫോഴ്സ് സംഘവുമാണ് രംഗത്തെത്തി വെളളമൊഴിച്ച് തീകെടുത്തിയതും റോഡില്‍ പൊട്ടിവീണ ഗ്ലാസ്സുകള്‍ വെളളം ചീറ്റിച്ച് കഴുകി മാറ്റിയതും. പത്തനംതിട്ടയില്‍ നിന്നും പിന്നീട് ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് കൂടി എത്തിയിരുന്നു. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പന്തളം സിഐ റെജിമാത്യൂവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും അപകടത്തെ തുടര്‍ന്നുളള രക്ഷാപ്രവര്‍ത്തനത്തിനും ഗതാഗത നിയത്രണത്തിനും എത്തിയിരുന്നു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പന്തളം പഞ്ചായത്ത് പ്രസിഡന്റ് രാജുകല്ലുമ്മൂടന്, അടൂര്‍ ആര്‍ഡിഓ എംഎ റഹീം, തഹസീല്‍ദാര്‍ ജി രാജു, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശ്രീകുമാര്‍, സ്പെഷ്യല്‍ വില്ലേജ് ആപ്പീസര്‍ അന്‍വര്‍ഷാ എന്നിവരും വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയാ പ്രസിഡന്റ്, ഷൈലേഷ്, സെക്രട്ടറി മജീത്, ട്രഷറര്‍ ലവീഷ്, പന്തളം യൂണിറ്റ് പ്രസിഡന്റ് മുരളി തട്ടാരേത്ത്, സെക്രട്ടറി ലസീതതാനായര്, എന്നിവരും ജനപ്രതിനിധികളും, സിപിഐഎം നേതാക്കളും അപകടം നടന്ന കടകളും ആശുത്രിയില്‍ പ്രവേശിപ്പിച്ച അജിത്തിനേയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: