പത്തനംതിട്ട: നികുതിയിനത്തിലും റവന്യൂ റിക്കവറി ഇനത്തിലും നാല് നഗരസഭാ കൗണ്സിലര്മാരുടേതുള്പ്പടെ പത്തനംതിട്ട വില്ലേജ് പിരിച്ചെടുക്കാനുള്ളത് 1,38,27,772 രൂപയെന്നു വിവരാവകാശ രേഖ.
ഇതില്‍ 7,84,777 രൂപ രൂപ പത്തനംതിട്ട നഗരസഭയിലെ നാല് കൗണ്‍സിലര്‍മാരുടെ മാത്രമെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
വസ്തു നികുതിയിനത്തിലും റവന്യൂ റിക്കവറി ഇനത്തിലും പിരിച്ചെടുക്കാനുള്ള തുകയെ സംബന്ധിച്ചം ഈ തുകയില്‍ രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും തുക എത്രയുണ്ടെന്നും ആരാഞ്ഞ് വിവരാവകാശ പ്രവര്‍ത്തകനും അപേക്ഷകനുമായ റഷീദ് ആനപ്പാറ പത്തനംതിട്ട വില്ലേജ് ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുള്ള പത്തനംതിട്ട വില്ലേജാഫീസാണ് ഇത്രയധികം ഭീമമായ തുക ഈടാക്കാനുള്ളത്. വസ്തു നികുതിയിനത്തില്‍ 86,814 രൂപയും, റവന്യൂ റിക്കവറിയിനത്തില്‍ 1,35,15,235 രൂപയും ബില്‍ഡിംഗ് ടാക്സിനത്തില്‍ 71,762 രൂപയും, ലക്ഷ്വറി ടാക്സിനത്തില്‍ 10,000 രൂപയും തോട്ട നികുതിയിനത്തില്‍ 235 രൂപയും മറ്റിനങ്ങളിലൂടെ 1,45,726 രൂപയും ഉള്‍പ്പടെ ആകെ 1,38,29,755 രൂപയാണ് പത്തനംതിട്ട വില്ലേജ് അധികൃതര്‍ പിരിച്ചെടുക്കാനുള്ളത്.
ജനപ്രതിനിധികളും രാഷ്ട്രീയക്കാരുമായി പത്തനംതിട്ട വില്ലേജ് ഓഫീസില്‍ കുടിശിഖ വരുത്തിയിട്ടുള്ളത് നിലവിലുള്ള കൗണ്‍സിലിലെ 2 കൗണ്‍സിലര്‍മാരാണ്. മൂന്നു കൗണ്‍സിലര്‍മാരാണ് റവന്യൂ റിക്കവറിയായുള്ള തുക അടയ്ക്കേണ്ടിയിരുന്നത് എങ്കിലും ഒരു കൗണ്‍സിലര്‍ മരണപ്പെട്ടുപോയി. മരിച്ചുപോയ കൗണ്‍സിലര്‍ അനില്‍ മണ്ണില്‍ 1,11,272 രൂപയാണ് റവന്യൂ റിക്കവറി ഇനത്തില്‍ അടയ്ക്കാനുള്ളത്.
നിലവിലുള്ള പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന് 4,51,090 രൂപയും, പൊന്നമ്മ ശശി 1,63,309 രൂപയും, ജാസിംകുട്ടി 59022 രൂപയുമാണ് റവന്യൂ റിക്കവറി ഇനത്തില്‍ അടയ്ക്കാനുള്ളത്. ആകെ പിരിച്ചെടുക്കാനുള്ള 1,38,29,772 രൂപ പിരിച്ചെടുക്കാന്‍ പത്തനംതിട്ട വില്ലേജ് ഓഫീസ് അധികൃതര്‍ എന്തു നടപടി സ്വീകരിച്ചു എന്ന അപേക്ഷകന്റെ ചോദ്യത്തിന് തുക പിരിച്ചെടുക്കുന്നതിന് കുടിശ്ശികക്കാരെ നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെടുന്നുണ്ട് എന്നാണ് പത്തനംതിട്ട വില്ലേജ് ഓഫീസര്‍ അപേക്ഷകനായ റഷീദ് ആനപ്പാറയ്ക്കു നല്‍കിയിരിക്കുന്ന മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: