ആലപ്പുഴ: സംസ്ഥാനത്തെ പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ താറാവുകളെ കൊന്നൊടുക്കുന്നത് പൂര്‍ത്തീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക എന്നു കൊടുത്തു തീര്‍ക്കുമെന്നു യാതൊരു വ്യക്തതയുമില്ല.
ജില്ലയില്‍ 2,51,210 താറാവുകളെ കൊന്നൊടുക്കിയതായാണ് ഔദ്യോഗിക കണക്ക്. കൂടാതെ പക്ഷിപ്പനി ബധിച്ച് 25,000 ലേറെ താറാവുകളും ചത്തൊടുങ്ങി. സര്‍ക്കാര്‍ നേരിട്ടു കൊന്നൊടുക്കിയ താറാവുകള്‍ക്കു 200 രൂപ പ്രകാരമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പ്രകാരം കൊന്നൊടുക്കിയ താറാവുകള്‍ക്ക് നഷ്ടപരിഹാരമായി അഞ്ചു കോടിയിലേറെ രൂപ വിതരണം ചെയ്യണം. എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 75.59 ലക്ഷം രൂപ മാത്രമാണ്.
താറാവുകളെ കൊന്നതിന് നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിന് മാത്രമായി ഇനിയും 4.50 കോടിയോളം രൂപ വേണ്ടിവരും. ഈ തുക സര്‍ക്കാര്‍ എന്നു ലഭ്യമാക്കുമെന്നു പ്രഖ്യാപിക്കാത്തതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പടര്‍ന്നുപിടിച്ച പക്ഷിപ്പനി പ്രതിരോധിക്കുന്നതിനും താറാവുകളെ കൊന്നൊടുക്കുന്നതിനുമായി സര്‍ക്കാര്‍ ആകെ അനുവദിച്ചത് രണ്ടുകോടിരൂപയാണ്. ഈ സാഹചര്യത്തില്‍ ചുരുങ്ങിയത് പത്തു കോടി രൂപയെങ്കിലും അടിയന്തരമായി അനുവദിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും മറ്റു ആശ്വാസ നടപടികളും കൈക്കൊള്ളാനാകുകയുള്ളൂ.
ഇതുകൂടാതെ രണ്ടര ലക്ഷത്തിലേറെ മുട്ടകളും നശിപ്പിച്ചു. ഇതിനു നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ അയ്യായിരത്തോളം കിലോ തീറ്റയും നശിപ്പിച്ചു. ആയിരക്കണക്കിന് വളര്‍ത്തുപക്ഷികളെയും കൊന്നു. പലതും ആയിരക്കണക്കിനു രൂപ വിലയുള്ള ഇനങ്ങളും. ഇക്കാര്യത്തിലും നിശ്ചയമൊന്നുമില്ല.
പക്ഷിപ്പനി ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ സാമൂഹിക സാഹചര്യം മാനിച്ച് കര്‍ഷകര്‍ ഒരു എതിര്‍പ്പും കൂടാതെയാണ് താറാവുകളെയും കോഴികള്‍ അടക്കമുള്ള വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കാന്‍ വിട്ടുകൊടുത്തത്. കുട്ടനാട്ടിലടക്കം ആറുമാസത്തേക്ക് ഇനി താറാവു കൃഷി നടക്കില്ല. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക അടിയന്തരമായി വിതരണം ചെയ്തില്ലെങ്കില്‍ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാകും.
പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞവര്‍ഷം വിവിധ രോഗങ്ങള്‍ ബാധിച്ച് ചത്ത താറാവുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. നെല്ല് ഏറ്റെടുത്ത ഇനത്തില്‍ കോടികളാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതേ ഗതിതന്നെ തങ്ങള്‍ക്കും ഉണ്ടാകുമോയെന്ന ആശങ്ക താറാവു കര്‍ഷകര്‍ക്കുണ്ട്. തങ്ങളുടെ നിസ്സഹായത മുതലെടുത്ത് യാതൊരു രോഗവുമില്ലാത്ത ലക്ഷക്കണക്കിന് താറാവുകളെ കൂട്ടക്കുരുതി നടത്തിയ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കബളിപ്പിച്ചാല്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: