ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ നാലിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍. സൈന്യത്തിന്റെ തിരച്ചിലില്‍, കൊല്ലപ്പെട്ട ഭീകരരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളില്‍ പാക്സ്ഥാപനങ്ങളുടെ സീലുകളാണ് ഉള്ളതെന്നു കണ്ടെത്തി.
പാക്സൈന്യം സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പൊതിയാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ലഭിച്ചതെന്ന് ഒരു സൈനിക ഓഫീസര്‍ പറഞ്ഞു. ദീര്‍ഘസമയം പട്ടാളക്കാരോട് ഏറ്റുമുട്ടുകയെന്നതായിരുന്നു ലക്ഷ്യമെന്ന് അവരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളുടേയും വെടിക്കോപ്പുകളുടേയും അളവ് വ്യക്തമാക്കുന്നു, അദ്ദേഹം വിശദീകരിച്ചു.
ആറു മണിക്കൂര്‍ നീണ്ട വെടിവയ്പ്പില്‍ എട്ട് സൈനികരും മൂന്നു പോലീസുകാരും ആറ് ഭീകരരുമാണ് മരിച്ചത്. ഭീകരരില്‍ നിന്ന് ആറ് എകെ 47 തോക്കുകളും 55 റൗണ്ട് തിരകളും രണ്ട് ചെറുതോക്കുകളും ഇരുട്ടില്‍ ഉപയോഗിക്കുന്നതരം രണ്ട് ദൂരദര്‍ശിനികളും നാല് റേഡിയോ സെറ്റുകളും 32 കൈബോംബുകളും ഒരു മെഡിക്കല്‍കിറ്റും കണ്ടുകിട്ടിയിരുന്നു.
ഇതിനിടെ, പാക്ഭീകരര്‍ ആക്രമിച്ച ഉറിയിലെ സൈനികക്യാമ്പും മറ്റുസ്ഥലങ്ങളും കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഗാഹ് സന്ദര്‍ശിച്ചു. വെടിവയ്പ്പ് നടന്ന സ്ഥലങ്ങളും ഭീകരര്‍ കടന്നുകയറിയതെന്ന് കരുതുന്ന ഭാഗങ്ങളും കണ്ട അദ്ദേഹം പരിക്കേറ്റവരെയും സന്ദര്‍ശിച്ചു. മരണമടഞ്ഞ ലഫ്റ്റനന്റ് കേണല്‍ സങ്കല്പ്പകുമാറിന്റെയടക്കം മുഴുവന്‍ സൈനികരുടേയും മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ഉറിയിലെ സൈനിക ക്യാമ്പ് അടക്കം നാലിടങ്ങളില്‍ വെള്ളിയാഴ്ച ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 21 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: