ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് സഭയ്ക്ക് പുറത്തുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡു ആരോപിച്ചു. നിരുത്തരവാദപരവും പക്വതയില്ലാത്തവിധത്തിലുമാണ് കോണ്‍ഗ്രസ് എംപിമാര്‍ പെരുമാറുന്നത്. സഭയ്ക്കുപുറത്തുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് എംപിമാരെ ബഹളംവയ്ക്കാന്‍ സമ്മര്ദ്ദത്തിലാഴ്ത്തുന്നതെന്നും നായിഡു പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ബിജെപിയുടെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും വെങ്കയ്യനായിഡു തള്ളിക്കളഞ്ഞു. ഭരണഘടനാസ്ഥാപനത്തെ അവഹേളിക്കുകയും ഭരണഘടനയെ തള്ളിപ്പറയുകയുമാണ് ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ ചെയ്യുന്നത്. ഭരണഘടനയേയും പാര്‍ലമെന്ററി സംവിധാനങ്ങളെയും അവഹേളിച്ചിരിക്കുകയാണിവരെന്നും വെങ്കയ്യനായിഡു പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം ദഹിക്കാത്ത അവസ്ഥ കോണ്‍ഗ്രസിന് ഇനിയും മാറിയിട്ടില്ല. എന്തിന്റെപേരിലാണ് സഭയില്‍ ബഹളം വെയ്ക്കുന്നതെന്ന് അവര്‍ക്കറിയില്ല. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അപലപിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിന്മേല് മന്ത്രിയും ഖേദപ്രകടനം നടത്തിക്കഴിഞ്ഞു. അവര്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മോദി പ്രസ്താവനയും നടത്തി. എന്നാല്‍ അവര്‍ക്കിപ്പോള്‍ അതില്‍ തൃപ്തിപോരെന്നാണ് പറയുന്നത്.
പുതുതായി തെരഞ്ഞെടുത്തുവന്ന സമൂഹത്തിലെ താഴേക്കിടയിലുള്ള സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരു വിനിതാ എംപിയെ കോണ്‍ഗ്രസ് ലക്ഷ്യമിടുകയാണ്. സ്വന്തം നേതാക്കളുടെ വിവാദപ്രസ്താവനകളെ ഒരിക്കല്‍പോലും തള്ളിപ്പറയാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ മരണത്തിന്റെ വ്യാപാരിയെന്നും ചായവില്പ്പനക്കാരനെന്നും കുരങ്ങനെന്നും കഴുതയെന്നും നായയെന്നുംവരെ അധിക്ഷേപിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും വെങ്കയ്യനായിഡു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: