ഹരിപ്പാട്: സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ കമന്റടിച്ചതിന് പിടിച്ച യുവാവിനെ കേസെടുക്കാതെ വിടണമെന്ന മുസ്ലിം ലീഗ് നേതാവിന്റെ ആവശ്യം നിരസിച്ചതിന് എസ്ഐക്കെതിരെ പോസ്റ്റര്‍ പതിച്ചു. ഇതെ തുടര്‍ന്ന് തൃക്കുന്നപ്പുഴയില്‍ ലീഗ് നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. സംഭവുമായി ബന്ധപ്പെട്ട് ലീഗ് പഞ്ചായത്ത് സെക്രട്ടറി സി.ആര്. തൃക്കുന്നപ്പുഴ, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ഡ്രൈവറുടെ മകന് നജീബ് എതിര്ക്കെതിരെ പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിന് പോലീസ് കേസെടുത്തു.
ശനിയാഴ്ച രാവിലെ 10ന് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു സംഭവം. അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിനിടെ അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ യുവാവ് വിദ്യാര്‍ത്ഥിനികളുടെ ഇടയിലൂടെ പലതവണ ബൈക്കില്‍ ഓടിച്ച് ശല്യപ്പെടുത്തി. ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവാവിനെ എസ്ഐ ബൈക്ക് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. വിവരം അറിഞ്ഞ് ലീഗ് തൃക്കുന്നപ്പുഴ പഞ്ചായത്ത് സെക്രട്ടറി സി.ആര്. തൃക്കുന്നപ്പുഴ കേസ് എടുക്കാതെ യുവാവിനെ വിട്ടയക്കുവാന്‍ ആവശ്യപ്പെട്ടു.
എസ്ഐ യുവാവിനെതിരെ കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇതില്‍ ക്ഷുഭിതനായ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എസ്ഐയുടെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന പോസ്റ്റര്‍ പോലീസ് സ്റ്റേഷന് മുന്നിലുള്ള ചുവരില്‍ ഒട്ടിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഫക്രൂദ്ദീന്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചോദ്യം ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ലീഗ് പ്രവര്‍ത്തകരും നിയോജക മണ്ഡലം സെക്രട്ടറിയോടൊപ്പം ചേര്‍ന്നതോടെ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. എസ്ഐ എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. പിന്നീട് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് അണ്ടോളി ഇരുവര്‍ക്കും ജാമ്യം എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: