അമ്പലപ്പുഴ: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങി. പുന്നപ്ര ചള്ളിയില്‍ ഹര്ഷന്-സതീഭായി ദമ്പതികളുടെ മകള്‍ വരുണ (28)യെയാണ് വെള്ളിയാഴ്ച വൈകിട്ട് ഭര്‍ത്താവ് പുറക്കാട് ആനന്ദേശ്വരം പറപ്പള്ളിയില്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൈനികനായ അരുണ്‍കുമാറും വീണയും ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് സമീപത്തെ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട ശേഷം വരുണ വീട്ടിലെ ഫാനില്‍ തൂങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് അരുണിന്റെ അമ്മയും ബ്ലോക്ക് പഞ്ചായത്തംഗവുമായ മീരാ സതീശന് നാട്ടുകാരെ വിവരമറിയിക്കുകയും അവര്‍ വാതില്‍ പൊളിച്ച് അകത്തു കയറി കെട്ടുമുറിച്ചാണ് വരുണയെ താഴെയിറക്കിയത് എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു. വരുണയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ മടി കാണിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് സഹോദരന് വരുണ്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
വരുണയെ നിരന്തരം ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിക്കുമായിരുന്നുവെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച വരുണയുടെ പുന്നപ്രയിലെ വീട്ടില്‍ സംസ്കരിച്ചു. അതിനിടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ സമ്മര്‍ദ്ദം തുടങ്ങിയതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: