തിരുവനന്തപുരം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന് ഇന്‍ഷുറന്‍സ് ഏജന്‍സി നഷ്ടപരിഹാര തുകയായ 5.9കോടി രൂപ കൈമാറി. രണ്ടര കോടി രൂപ പണമായും ബാക്കി 3.4 കോടി രൂപ ജഗതിയുടെ പേരില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ പലിശ എല്ലാ മാസവും ജഗതിക്ക് ലഭ്യമാക്കും.
രാവിലെ ജഗതിയുടെ വീട്ടിലെത്തിയാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സിഇഒ കെ. കൃഷ്ണമൂര്‍ത്തി റാവു പണവും ഇത് സംബന്ധിച്ച രേഖകളും കൈമാറിയത്. കൈമാറിയ തുക ഇനി ട്രൈബ്യൂണലില്‍ കെട്ടിവയ്ക്കും. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ കഴിഞ്ഞ വര്‍ഷമാണു വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പിന്നീടു തുക 13 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തില്‍ ഇരു കക്ഷികളും തമ്മില്‍ ഇന്‍ഷുറന്‍സ് തുക സംബന്ധിച്ചു ധാരണയായിരുന്നു.
2012 മാര്‍ച്ച് 10ന് ദേശീയപാതയില്‍ തേഞ്ഞിപ്പലത്തിനു സമീപം പാണമ്പ്ര വളവില്‍ ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറിയാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറായിരുന്നു അപകട കാരണം. പുലര്‍ച്ചെ 4.45നായിരുന്നു അപകടം. മുന്‍സീറ്റിലായിരുന്ന ജഗതി ശ്രീകുമാര്‍ ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ തന്നെ തെറിച്ചുവീഴുകയായിരുന്നു. വയറിനും ശ്വാസകോശത്തിനും വാരിയെല്ലിനും തുടയെല്ലിനും ക്ഷതമേറ്റു. കൈത്തണ്ടയുടെ എല്ലുകളും പൊട്ടി. ജഗതി ശ്രീകുമാറിനെയും ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി പി.പി. അനില്‍ കുമാറിനെയും ഓടിയെത്തിയ നാട്ടുകാരാണു പുറത്തെടുത്തത്. അനില്‍കുമാറിനും സാരമായ പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: