തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ അതിനുള്ള സൗകര്യമൊരുക്കുകയും അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെവന്ന് പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുകൊണ്ട് കേരളത്തെ ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, 28-ാമത് ഓള് കേരള ഇന്റര്‍ മെഡിക്കല്‍ കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സാംസ്കാരിക കലാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ച് ഗവ. മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് 57 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ സ്ഥാപിതമായത്. എന്നാല്‍ മൂന്ന് വര്‍ഷംകൊണ്ട് നാല് പുതിയ ഗവ. മെഡിക്കല്‍ കോളേജുകള്‍ കൂടി ആരംഭിച്ചു. ഇവയിലേക്കെല്ലാം ആവശ്യമായ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിനുവേണ്ടി ഇരുന്നൂറ്റി അമ്പത്തിയഞ്ചും ഇടുക്കി മെഡിക്കല്‍ കോളേജിനുവേണ്ടി നാല്പത്തിയേഴും തസ്തികകളാണ് ഇതിനകം സൃഷ്ടിച്ചത്.
അവയിലെല്ലാം നിയമനം നടത്തുകയും ചെയ്തു. പുതിയ മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാന സൗകര്യവികസനം ഘട്ടംഘട്ടമായി നടപ്പിലാക്കിവരികയാണ്. തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളേജ് അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. ഇതിനുവേണ്ടി സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഴയ 5 മെഡിക്കല്‍ കോളേജുകളിലും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
കലാരംഗത്ത് മികച്ച പ്രകടനം കാഴ്ചവക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ പരിശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ മേയര്‍ കെ. ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാംദാസ് പിഷാരഡി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സംഘാടക സമിതി സെക്രട്ടറി ഡോ. കെ.വി. വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ 25 മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 1600 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവം ഈ മാസം 8 ന് വൈകുന്നേരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: