ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കമ്പനി സംസ്ഥാനത്ത് അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയിരിക്കുന്നത് 62,598 ഏക്കര്‍ ഭൂമിയാണ്. ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് കാണിച്ച് സര്‍ക്കാര്‍ ഹാരിസണിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ഭൂമിയാണ് ഹാരിസണിന്റെ കൈവശമുള്ളത്. കേരളം ഇന്ന് ഭൂമാഫിയയുടെ കൈയിലാണ്. ഭൂരഹിതരായവര്‍ ഒരു കൂരവയ്ക്കാന്‍ സ്ഥലമില്ലാതെ വഴിയോരത്ത് കിടക്കേണ്ടിവരുമ്പോള്‍, അനേകം ഭൂരഹിതര്‍ പലയിടങ്ങളിലും സമരത്തിലായിരിക്കുമ്പോള്‍, മൂലമ്പിളളിയില്നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ നല്ലൊരുശതമാനം വഴിയാധാരമായി തുടരുമ്പോള്‍ ഹാരിസണ്‍ കമ്പനി തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് തങ്ങളുടെ കൈയേറ്റം ന്യായീകരിക്കുന്നത്.
ഹാരിസണ്‍ വിറ്റ 10005 ഏക്കര്‍ സ്ഥലം ഇപ്പോള്‍ സ്പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യത്തിന്റെ ഉത്തരവുപ്രകാരം സര്‍ക്കാരിനേറ്റെടുക്കാം. അമ്പനാട്ട് എസ്റ്റേറ്റ്, തെന്മല തോട്ടം, റിയാ റിസോര്‍ട്ട് ആന്റ് പ്രോപ്പര്‍ട്ടീസ്, ഇടുക്കി കൊക്കയാറിലെ ബോയ്സ് എസ്റ്റേറ്റ്, ശാന്തന്‍പാറയിലെ ഗൂഡപ്പാറ തോട്ടം, വയനാട്ടിലെ തൃക്കൈപ്പറ്റ മുതലായ ഹാരിസണ്‍ വിറ്റ സ്ഥലങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാവുന്ന സാഹചര്യമാണ്.
സംസ്ഥാനത്തൊട്ടാകെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്നത്. പുറമ്പോക്ക് എന്നാല്‍ കയ്യൂക്കുള്ളവന്റെ സ്ഥലം എന്നാണ് ഇപ്പോള്‍ മലയാള പരിഭാഷ. ഹാരിസണെപ്പോലെ, അത്ര വിസ്തൃതിയിലല്ലെങ്കിലും ചെറിയ തോതില്‍ പുറമ്പോക്ക് കയ്യേറിയവര്‍ ഇവിടെ ധാരാളമുണ്ട്. എറണാകുളത്തെ മേല്‍ത്തട്ട് വിഭാഗത്തിന്റെ വിഹാരരംഗമായ ഒരു ക്ലബുപോലും പുറമ്പോക്ക് കയ്യേറിയിട്ടുണ്ടത്രെ.
ഹാരിസണ്‍ ഭൂമി വാങ്ങിയത് ബ്രിട്ടീഷ് സ്ഥാപനമായ റബര്‍ പ്രൊഡ്യൂസിംഗ് കമ്പനിയില്‍നിന്നാണ്. ഈ രേഖപോലും വ്യാജമാണെന്ന് പറയപ്പെടുന്നു. നിവേദിത പി.ഹരന് ലാന്റ് റവന്യൂ കമ്മീഷണറായിരിക്കെ നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ ഉടമസ്ഥാവകാശരേഖ വ്യാജമാണെന്ന് തെളിഞ്ഞത്. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയില്‍ പലതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന് സ്പെഷ്യല്‍ ഓഫീസറായ എറണാകുളം കളക്ടര്‍ എം.ജി.രാജമാണിക്യവും കണ്ടെത്തിയിരിക്കുന്നു.
ഹാരിസണ്‍ കമ്പനിയുടെ സാമ്പത്തികക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ധനകാര്യകമ്മീഷനെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഹാരിസണ്‍ പ്ലാന്റേഷനില്‍നിന്ന് മരം മുറിച്ചുനീക്കുന്നത് തടഞ്ഞ സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവും കോടതി ശരിവച്ചു. എട്ടു ജില്ലകളിലായി വിവിധ എസ്റ്റേറ്റുകളിലെ മരം മുറിക്കലാണ് ഭൂസംരക്ഷണ നിയമപ്രകാരം തടഞ്ഞത്. ഹാരിസണ്‍ തിരിമറികള്‍ ഏത് വമ്പന്‍ ഭൂമാഫിയയെയും ഞെട്ടിക്കാന്‍ പര്യാപ്തമാണ്. വ്യാജപ്രമാണങ്ങളും രേഖകളും കാണിച്ച് ബാങ്കുകളില്‍നിന്നും കോടികളാണത്രെ കമ്പനി തട്ടിയെടുത്തത്.
ഭൂമി മറിച്ചുവിറ്റും നികുതിവെട്ടിച്ചും തൊഴിലാളികള്‍ക്ക് നിയമാനുസൃത വേതനം നല്‍കാതെയുമാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. വിദേശനാണ്യനിയമവും കമ്പനി ലംഘിച്ചു. കമ്പനിക്കെതിരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം കേന്ദ്ര എന്‍ഫോഴ്സ്മെന്റ് വകുപ്പ് അന്വേഷണം നടത്തിവരികയാണ്. കമ്പനി വടക്കന്‍ മലബാറില്‍ 20,000 ഏക്കര്‍ ഭൂമി കൈക്കലാക്കിയതും വിജിലന്‍സ് അന്വേഷണ പരിധിയിലാണ്. സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി കമ്പനി അനധികൃത ബാങ്ക് വായ്പയും കൈപ്പറ്റിയെന്നത് അനധികൃത ഭൂമി കയ്യേറ്റംപോലെ ഗുരുതരമായ കുറ്റകൃത്യമാണ്.
ഇപ്പോള്‍ നാലു ജില്ലകളിലെ 30,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത്ര വലിയ ഭൂമി ഏറ്റെടുക്കല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതാദ്യമാണ്. ഇങ്ങനെ ഭൂമി ഏറ്റെടുക്കുമ്പോള്‍ തൊഴിലാളികളുടെ തൊഴില്‍സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് ഉറപ്പുനല്‍കുന്നുണ്ട്. ഭൂമി നിയമപരമായി സര്‍ക്കാരിന് അവകാശപ്പെട്ടതായതിനാല്‍ ഭൂമി വിട്ടൊഴിയണമെന്നും സ്പെഷ്യല്‍ ഓഫീസര്‍ നോട്ടീസ് ഹാരിസന് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഭൂരഹിതരായിട്ടുള്ള മൂന്നരലക്ഷം പേര് ഭൂമിക്കായി സര്‍ക്കാരിന് അപേക്ഷ നല്കി കാത്തിരിപ്പുണ്ട്.
ഹാരിസണ്‍ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ ഭൂമി ഏറ്റെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത ഭൂരഹിതര്‍ക്ക് ഭൂമിനല്കാന് സര്‍ക്കാര്‍ കാണിക്കാറില്ല. 2015 അന്ത്യത്തോടെ കേരളത്തില്‍ ഭൂരഹിതര്‍ ഉണ്ടാകില്ലെന്നും ”സീറോ ലാന്‍ഡ്ലെസ്” പദ്ധതി അങ്ങനെ വിജയം കൈവരിക്കുമെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ പദ്ധതിപ്രകാരം മൂന്നുസെന്റ് ഭൂമി ലഭിച്ചവര്‍ വെറും രണ്ടായിരം പേരാണ്. ഈ പശ്ചാത്തലത്തില്‍ അനധികൃത കൈയേറ്റഭൂമി അതിവേഗം തിരിച്ചുപിടിക്കുക മാത്രമല്ല ഭൂരഹിതര്‍ക്ക് അത് ഉടന്‍ വിതരണം ചെയ്യുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: