കൊല്ലം: ജൈവവൈവിധ്യ ചട്ടങ്ങള്‍ അനുശാസിക്കുംവിധം ജൈവവിഭവങ്ങള്‍ വാണിജ്യതോതില്‍ ശേഖരിക്കുന്ന സംരംഭകര്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡുമായി ഉടന്‍ ബന്ധപ്പെടണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
കേന്ദ്ര ജൈവവൈവിധ്യ നിയമവും ചട്ടവും സംസ്ഥാന ജൈവവൈവിധ്യ ചട്ടവുമനുസരിച്ച് കേരളത്തിലെ ജൈവസമ്പത്തുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിക്കുതിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ അനുമതി തേടിയിരിക്കണം. പാരമ്പര്യ വൈദ്യന്മാര്, കര്‍ഷകര്‍ തുടങ്ങിയവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൈവവിഭവങ്ങളെ വാണിജ്യതോതില്‍ ഉപയോഗിക്കുന്നവര്‍ നേട്ടത്തിലൊരു പങ്ക് ജൈവവൈവിധ്യഫണ്ടില് നിക്ഷേപിക്കാന്‍ ബാധ്യസ്ഥരാണ്. സംസ്ഥാനത്തെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ചട്ടം അനുശാസിക്കുന്ന ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് ഉടന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്ഡിേലക്കയക്കണം. ഇതിനുള്ള ഫോറത്തിന്റെ മാതൃക ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (ംംം.സലൃമഹമയശീറശ്ലൃശെ്യേ.ീൃഴ) ലഭ്യമാണ്.
സസ്യങ്ങള്‍, ജന്തുക്കള്‍, സൂക്ഷ്മജീവികള്‍, അവയുടെ ഭാഗങ്ങള്‍, അവയുടെ ജനിതകവസ്തുക്കള്‍, ഉപോല്‍പ്പന്നങ്ങള്‍ (മൂല്യവര്‍ധിത വസ്തുക്കള്‍ ഒഴികെ) എന്നിവയുടെ സാധ്യമോ, യഥാര്‍ത്ഥമോ ആയ ഉപയോഗമോ മൂല്യമോ ജൈവവിഭവങ്ങളില്‍ ഉള്‍പ്പെടും. എന്നാല്‍ മനുഷ്യജനിതക വിഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. ജൈവസമ്പത്തുകള്‍ വാണിജ്യതോതില്‍ ഉപയോഗപ്പെടുത്തുന്ന ഔഷധ വ്യവസായങ്ങള്‍, പഞ്ചസാര മില്ലുകള്‍, വനവിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍, ഡിസ്റ്റിലറികള്‍, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍, ഫലസംസ്കരണശാലകള്, തുണി, നൂല്നൂപ്പ് മില്ലുകള്‍, സുഗന്ധവ്യഞ്ജനവ്യവസായങ്ങള്, മറ്റ് കാര്‍ഷിക-ജൈവ വ്യവസായങ്ങള്‍ എന്നിവയും, ജൈവവിഭങ്ങളെ വാണിജ്യതോതില്‍ ഉപയോഗപ്പെടുത്തുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയും നിശ്ചിത ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
പൂരിപ്പിച്ച ഫോറങ്ങള്‍ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ് നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. ജൈവവൈവിധ്യ നിയമത്തിലെയും ചട്ടത്തിലെയും വ്യവസ്ഥകള്‍ പ്രകാരം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: