ആലപ്പുഴ: പക്ഷിപ്പനി രോഗപ്രതിരോധ-നിയന്ത്രണവുമായി ബന്ധപ്പെട്ട ദ്രുതകര്‍മ്മ സംഘത്തിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച അവസാനിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷികളെ കൊന്നു സംസ്ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പക്ഷികളെ സംസ്ക്കരിച്ച സ്ഥലങ്ങളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് ശനിയാഴ്ച നടക്കുക. പക്ഷികളെ സംസ്ക്കരിച്ച സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോക്ലോറേറ്റ് തളിച്ച് അണുനശീകരണം നടത്തും. ഇതിനായി 14 സംഘങ്ങളെ നിയോഗിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സര്‍വേയും ആരോഗ്യസ്ഥിതി വിലയിരുത്തലും തുടരും. അമ്പലപ്പുഴ വടക്ക്, പുറക്കാട് എന്നിവിടങ്ങളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.
രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലെത്തി ദ്രുതകര്‍മ സംഘം പക്ഷികളെ കൊന്നു സംസ്കരിച്ചിരുന്നു. പക്ഷികളെ നഷ്ടപ്പെട്ട വീട്ടുകാര്‍ക്കുള്ള ധനസഹായം തിങ്കളാഴ്ച മുതല്‍ നല്‍കും. ചമ്പക്കുളത്തും പാണ്ടിയിലും താറാവുകളില്‍ കണ്ടത് പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച 19,743 വീടുകള്‍ സന്ദര്‍ശിച്ച് 76,674 പേരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ജില്ലയില്‍ 2,51,210 പക്ഷികളെയാണ് കൊന്നു സംസ്ക്കരിച്ചത്. 2,50,995 മുട്ടയും 4705 കിലോ തീറ്റയും നശിപ്പിച്ചു. നഷ്ടപരിഹാരമായി ഡിസംബര്‍ നാലുവരെ 75,59,200 രൂപ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. ധ്യാനസുതന്, ഷീജ അനില്‍, ഹരിദാസ്, എഡിഎം: ആന്റണി ഡൊമിനിക്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ. മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലിസി പി. സ്കറിയ, ഡപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, ഡോ. എല്‍. മനോജ്, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. ഗോപകുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എ. ശോഭന, ഡിടിപിസി സെക്രട്ടറി സി. പ്രദീപ്, ജൂനിയര്‍ സൂപ്രണ്ട് പ്രേംജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: