ചാത്തന്നൂര്‍: സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷനിലെ കശുവണ്ടി കോര്പ്പറേഷന് ഫാക്ടറിക്ക് മുന്നില്‍ സിഐടിയു സ്ഥാപിച്ചിരുന്ന സമരപന്തലില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ തമ്മില്‍തല്ലി. ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ സാക്ഷിയാക്കിയാണ് സംഭവം.
ഡിവൈഎഫ്ഐയുടെ മേഖലാസെക്രട്ടറിയും സിപിഎം എല്‍സി മെമ്പറുമായ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സത്യാഗ്രഹം അനുഷ്ഠിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ബിജുവിനെതിരെ അസഭ്യം പറഞ്ഞുകൊണ്ട് അക്രമിക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സമരപന്തലില്‍ ഉണ്ടായ ഡിവൈഎഫ്ഐ നേതാക്കള്‍ തയ്യാറായതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തി. ഇതിനിടയില്‍ സത്യാഗ്രഹം അനുഷ്ഠിച്ചിരുന്ന ഷിബുവിന് പരിക്ക് പറ്റുകയും ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി കൂടിയായ ബിജുവിന് അനഭിമതരായ ചിലര്‍ സത്യാഗ്രഹപന്തലില്‍ എത്തിയതാണ് കാരണമെന്ന് ബിജുപക്ഷക്കാര്‍ പറയുമ്പോള്‍ അതല്ല കാര്യമെന്ന് മറുപക്ഷം വാദിക്കുന്നു. കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ ബിജുവിനെതിരെ ഷിബുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഡിവൈഎഫ്ഐക്കാരും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ആരോപണങ്ങള്‍ ഉന്നയിച്ചതാണ് കാരണമെന്ന് മറുപക്ഷം പറയുന്നു.
സത്യാഗ്രഹത്തിന് എത്തിയ ദിവസം തന്നെ സത്യാഗ്രഹപന്തലില്‍ ഇരുന്നവര്‍ക്ക് നേരെ ബൈക്കുകളിലെത്തിയ സംഘം അസഭ്യം പറഞ്ഞു. ഇതിനെതിരെ സിഐടിയുവിന്റെ പേരില്‍ ബൈക്കുകളുടെ നമ്പറും ആളുകളുടെ പേരും കാണിച്ച് പരാതി കൊടുത്തിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തതാണെന്ന് പറയപ്പെടുന്നു. ഇതിലെ പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല. ലോക്കല്‍ സമ്മേളനത്തിന് തൊട്ടുമുമ്പാണ് പിണറായി പക്ഷക്കാരനായ ബിജു വിഎസ് പക്ഷത്തേക്ക് കാലുമാറിയത്. ലോക്കല്‍ സമ്മേളനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുറച്ച് വോട്ട് കിട്ടിയതും ബിജുവിനാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ അംഗങ്ങള്‍ ബിജുവിനെതിരെ പരാതി കൊടുത്തിട്ടും യാതൊരു ഫലവുമില്ലെന്നാണ് ഡിവൈഎഫ്ഐക്കാര്‍ പറയുന്നത്. നേതാക്കളുടെ പല ബിസിനസും ബിജുവാണ് നടത്തുന്നതെന്ന് ഡിവൈഎഫ്ഐക്കാര്‍ പറയുന്നു. ഇതിനിടയില്‍ ബിജു പാര്‍ട്ടിയില്‍ നിന്നും രണ്ടുമാസത്തേക്ക് അവധിയെടുക്കാന്‍ അപേക്ഷ കൊടുത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ ബിജുവിനെതിരെയുള്ള പ്രതിഷേധമൊതുക്കാന്‍ നേതാക്കള്‍ കണ്ടുപിടിച്ച മാര്‍ഗമാണ് അവധി അപേക്ഷയെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു.
സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ സത്യാഗ്രഹം കിടന്നത് മുഴുവന്‍ ഡിവൈഎഫ്ഐ നേതാക്കളാണ്. കശുവണ്ടി മേഖലയുമായോ കശുവണ്ടി തൊഴിലാളികളുമായോ പുലബന്ധവുമില്ലാത്ത ഡിവൈഎഫ്ഐ നേതാക്കളെ സത്യാഗ്രഹത്തിന് ഇരുത്തിയതില്‍ തന്നെ സിഐടിയുവിലും പാര്‍ട്ടിയിലും രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
സത്യാഗ്രഹപന്തല്‍ ഡിവൈഎഫ്ഐക്കാര്‍ ഹൈജാക്ക് ചെയ്തതായും മുതിര്‍ന്ന സിഐടിയു നേതാക്കള്‍ ആരോപിക്കുന്നു. സത്യാഗ്രഹപന്തലിന് നേര്‍ക്ക് അസഭ്യവര്‍ഷം നടത്തുകയും നാട്ടുകാരും നൂറുകണക്കിന് തൊഴിലാളികളും നോക്കിനില്‍ക്കെ പാര്‍ട്ടിയെയും തൊഴിലാളികളെയും അപമാനിക്കുകയും ചെയ്ത ബിജുവിനെതിരെ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐക്കാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താനുള്ള നീക്കത്തിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: