ചേര്‍ത്തല: പരിസ്ഥിതിയെ തകര്‍ത്ത് വേമ്പനാട്ട് കായലില്‍ അനധികൃത കക്ക ഖനനവും, മണല്‍ ഖനനവും വര്‍ദ്ധിക്കുന്നതായി പരാതി. രാത്രികാലങ്ങളില്‍ എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളിലാണ് അനധികൃത ഖനനം പൊടിപൊടിക്കുന്നത്. കക്കാ കുഴിച്ചെടുക്കുന്നതിനുള്ള ഉപകരണം കായലിന്റെ അടിത്തട്ടിലേക്ക് ഇറക്കി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് കക്കാ ശേഖരിക്കുന്നത്. കക്കായും മണ്ണും വെള്ളത്തിനടിയില്‍ വച്ച് തന്നെ വേര്‍തിരിച്ചെടുത്തശേഷം മണ്ണ് തിരികെ കായലില്‍ തന്നെ നിക്ഷേപിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് മണ്‍കൂനകളായി രൂപപ്പെട്ട് ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഭീഷണിയാകുന്നു. മണ്‍തിട്ടകളില്‍ തട്ടി വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഈ മേഖലകളില്‍ പതിവാണ്. കായലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് നടത്തുന്ന ഖനനം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ഖനനത്തിലൂടെ ഉണ്ടാകുന്ന ചെളി വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി പാതിരാമണല്‍ ദ്വീപിന് സമീപം മണലൂറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ച് മണല്‍ഖനനം നടത്തിയിട്ടും അധികൃതര്‍ കണ്ണടയ്‌ക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രിയുടെ മറവിലാണ് ഇത്തരം കക്ക മണല്‍ മാഫിയകളുടെ അഴിഞ്ഞാട്ടം. രാത്രി കായലില്‍ തന്നെ തമ്പടിക്കുന്ന ഇവര്‍ പുലര്‍ച്ചെ മടങ്ങും. പല ഉദ്യോഗസ്ഥരും ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പരിസ്ഥിതിയെ തകര്‍ക്കുന്ന ഇത്തരം മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: